കൊല്ലം: റൂറൽ എസ്.പി ഓഫീസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇനി മുടന്തില്ല. സെപ്തംബറിൽ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാക്കുമെന്ന് കേരള പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചീഫ് എൻജിനീയർ ഉറപ്പ് നൽകി. എസ്.പി ഓഫീസിന് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിലവിലുള്ള സ്ഥിതി വിലയിരുത്താൻ ഇന്നലെ എത്തിയ മന്ത്രി കെ.എൻ.ബാലഗോപാലിനാണ് ചീഫ് എൻജിനീയർ ഇക്കാര്യത്തിൽ ഉറപ്പ് നൽകിയത്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള 80 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചുനൽകാമെന്ന് മന്ത്രി കോർപ്പറേഷൻ അധികൃതരെ അറിയിച്ചു. 'പണിതിട്ടും പണിതിട്ടും തീരാതെ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനം' എന്ന തലക്കെട്ടോടെ ഇന്നലെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കെട്ടിടത്തിന്റെ നിർമ്മാണം ഇഴഞ്ഞിഴഞ്ഞുപോകുന്നതാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഇന്നലെ ഉച്ചയോടടുത്താണ് മന്ത്രി കെ.എൻ.ബാലഗോപാലും മുൻ എം.എൽ.എ പി.ഐഷാപോറ്റിയും റൂറൽ എസ്.പി കെ.ബി.രവിയും അഡീഷണൽ എസ്.പി ഇ.എസ്.ബിജുമോനും നഗരസഭ വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാറുമടക്കമുള്ളവർ എസ്.പി ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണം വിലയിരുത്താനെത്തിയത്.