c

ചാത്തന്നൂർ: കല്ലുവാതുക്കൽ ഊഴായ്ക്കോട് നവജാത ശിശുവിനെ ഉപേക്ഷിക്കുകയും തുടരന്വേഷണത്തിനിടെ രണ്ട് യുവതികൾ ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിൽ അന്വേഷണം ഇഴയുന്നു.

കേസിൽ അറസ്റ്റിലായ രേഷ്മയുടെ ഭർത്താവ് വിഷ്ണു, സഹോദരൻ രഞ്ജിത്ത് എന്നിവരെ ഇന്നലെയും ചാത്തന്നൂർ എ.സി.പി ഓഫീസിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഇത്തിക്കരയാറ്റിൽ ആത്മഹത്യ ചെയ്ത ആര്യയുടെ ഭർത്താവാണ് രഞ്ജിത്ത്. രഞ്ജിത്തിന്റെയും വിഷ്ണുവിന്റെയും സഹോദരീപുത്രിയാണ് ആത്മഹത്യ ചെയ്ത രണ്ടാമത്തെ യുവതിയായ ഗ്രീഷ്മ.

നവജാത ശിശുവിനെ ഉപേക്ഷിക്കുകയും അതുവഴി കുഞ്ഞ് മരിക്കുകയും ചെയ്ത സംഭവത്തിന്റെ കാരണങ്ങളിലേക്കുള്ള അന്വേഷണത്തിനിടെയാണ് ആര്യയും ഗ്രീഷ്മയും ആത്മഹത്യ ചെയ്തത്. സംഭവത്തിലെ യഥാർത്ഥ പ്രതിയെ മറച്ചുപിടിക്കുന്നതിന് രേഷ്മ മെനഞ്ഞ കഥയാണ് ഫേസ് ബുക്ക് കാമുകന്റേതെന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തുന്നത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് ഇപ്പോൾ കേസന്വേഷിക്കുന്നത്. ഇവരുടെ സ്ഥലംമാറ്റ ഉത്തരവ് രണ്ട് ദിവസം മുൻപ് പൊലീസ് ആസ്ഥാനത്ത് നിന്ന് പുറത്തിറങ്ങിയിരുന്നു. അതുകൊണ്ടുതന്നെ പുതിയ സ്റ്റേഷനുകളിലേക്ക് ചുമതല ഏൽക്കാനുള്ള തിരക്കിലാണിവർ. പുതിയ ഓഫീസർമാർ ചാർജെടുത്ത ശേഷം അന്വേഷണം തുടരുമെന്നാണ് പൊലീസ് അധികൃതർ സൂചിപ്പിക്കുന്നത്. വിഷ്ണുവിനെയും രഞ്ജിത്തിനെയും ഇന്നും ചോദ്യം ചെയ്യുമെന്ന് എ.സി.പി വൈ. നിസാമുദ്ദീൻ പറഞ്ഞു.

പുതുതായി ചാർജെടുക്കുന്ന എ.സി.പി ഗോപകുമാർ, ഇൻസ്പെക്ടർ അൽജബ്ബാർ എന്നിവർക്കായിരിക്കും ഇനി കേസിന്റെ അന്വേഷണച്ചുമതല.