കൊല്ലം: ഭർത്തൃഗൃഹത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഇരുപത്തിയൊന്നുകാരി ഗുരുതരാവസ്ഥയിൽ. യുവതിയുടെ അച്ഛന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഭർത്തൃമാതാവിനെതിരെ പൊലീസ് കേസെടുത്തു. കന്നിമേൽച്ചേരി പുളിഞ്ചിക്കൽവീട്ടിൽ കണ്ണന്റെ ഭാര്യ അനുജയാണ് (22) ബുധനാഴ്ച രാത്രി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാത്രി ജോലി കഴിഞ്ഞെത്തിയ കണ്ണനും അനുജയും തമ്മിൽ ചെറിയ രീതിയിൽ വാക്കുതർക്കമുണ്ടായിരുന്നു. തുടർന്ന് അനുജ മുറിയിൽ കയറി വാതിലടച്ചു. ഇടയ്ക്ക് തർക്കങ്ങളുണ്ടാകുമ്പോൾ അനുജ വാതിലടച്ച് കിടക്കാറുള്ളതിനാൽ കണ്ണൻ ഇത് കാര്യമാക്കിയില്ല.

ഇടയ്ക്ക് മയങ്ങിപ്പോയ ഇയാൾ രാത്രി പന്ത്രണ്ടുമണിയോടെ വാതിലിൽ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ജനൽപ്പാളി വഴി നോക്കുമ്പോൾ അനുജ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. ഉടൻതന്നെ വാതിൽ ചവിട്ടിപ്പൊളിച്ച് അനുജയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അനുജയുടെ ആരോഗ്യനില മോശമായി തുടരുകയാണ്.
പ്രണയത്തിലായിരുന്ന കണ്ണനും ശക്തികുളങ്ങര സ്വദേശിയായ അനുജയും കഴിഞ്ഞ ഡിസംബറിലാണ് വിവാഹിതരായത്. ഭർത്തൃമാതാവ് സുനിജ അനുജയോട് മോശമായി പെരുമാറിയിരുന്നതായി അനുജയുടെ ബന്ധുക്കൾ പറയുന്നു. അനുജയുടെ അച്ഛൻ അനിലാലിന്റെ പരാതിയനുസരിച്ച് കണ്ണന്റെ അമ്മ സുനിജയ്ക്കെതിരെ ശക്തികുളങ്ങര പൊലീസ് ഗാർഹികപീഡനത്തിന് കേസെടുത്തിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ, അസിസ്റ്റന്റ് കമ്മിഷണർ ടി.ബി. വിജയൻ, ശക്തികുളങ്ങര സി.ഐ എൻ.ആർ. ജോസ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് തെളിവെടുത്തു.