ശാസ്താംകോട്ട: ചക്കുവള്ളി ചിറ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. ശൂരനാട് തെക്ക്, പോരുവഴി, ശൂരനാട് വടക്ക് എന്നീ പഞ്ചായത്തുകളുടെ സംഗമ സ്ഥലമായ ചക്കുവള്ളിയിൽ 2 ഹെക്ടറിലധികം വ്യാപിച്ചു കിടക്കുന്ന വറ്റാത്ത ജലാശയമാണ് ചക്കുവള്ളിച്ചിറ. കടുത്ത വേനലിലും ജലസമൃദ്ധമായ ചക്കുവള്ളിച്ചിറയിൽ നിന്ന് കൂവളക്കുറ്റി തോട്ടിലൂടെ ഒഴു കിയെത്തുന്ന ജലമാണ് ശൂരനാട് തെക്ക് പഞ്ചായത്തിലെ കുമരം ചിറ ഏലായിൽ കൃഷിക്ക് ഉപയോഗിക്കുന്നത്. ചിറയുടെ സംരക്ഷണ പദ്ധതികളുടെ ആദ്യഘട്ടം പൂർത്തിയായതോടെ പ്രഭാത സവാരിക്കും കായിക വിനോദങ്ങൾക്കുമെത്തുന്നവർ നിരവധിയാണ്. മാത്രമല്ല ചക്കുവള്ളിച്ചിറയുടെ വിശാലമായ തീരം ഫുട്ബാൾ മൈതാനവും കുന്നത്തൂർ സബ് ആർ.ടി.ഓഫീസിൻ്റെ ടെസ്റ്റ് ഗ്രൗണ്ടായും ഉപയോഗിക്കുന്നു.


ഒന്നാം ഘട്ടം പദ്ധതി പൂർത്തിയായി. .


ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് പദ്ധതി വിഹിത മായി 80 ലക്ഷവും ബ്ലോക്ക് പഞ്ചായത്തിന്റെയും പഞ്ചായത്തുകളുടെയും വിഹിതമായ 10 ലക്ഷവും ഉപയോഗിച്ചാണ് ചക്കുവള്ളിച്ചിറയുടെ വശങ്ങളിൽ ഒരു കിലോമീറ്റർ നീളത്തിൽ നടപ്പാത നിർമ്മിച്ച് തറയോട് പാകിയത്. ജില്ലാ പഞ്ചായത്തിൻ്റെ 13 ലക്ഷം രൂപ ചെലവാക്കി വൈദ്യുത വിളക്കുകളും സ്ഥാപിച്ചു. ഒന്നാം ഘട്ടം നിർമ്മാണം പൂർത്തിയാക്കാൻ വൈകിയത് ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.


ബോട്ട് സവാരി വേണം


ചക്കുവള്ളി ചിറയിൽ ബോട്ട് സവാരി നടത്തുന്നതിനുള്ള സൗകര്യങ്ങൾ ആരംഭിക്കണം . ചിറയുടെതീരത്ത് പൂന്തോട്ടത്തോടൊപ്പം കുട്ടികൾക്കായി പാർക്ക് നിർമ്മിക്കുകയും വിശ്രമിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നതിന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ത്രിതല പഞ്ചായത്തുകൾ പദ്ധതികൾ ആവിഷ്കരിക്കണം.