തിരുവനന്തപുരം: കൈക്കൂലി കേസിൽ ഉത്തർപ്രദേശ് പൊതുമരാമത്ത് വകുപ്പ് റിട്ട.ചീഫ് എൻജിനീയറും ലക്ക്നൗ സ്വദേശിയുമായ ശെെലേന്ദ്രകുമാറിനെ നാല് വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും പ്രത്യേക സി.ബി.എെ കോടതി ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷംകൂടി തടവ് അനുഭവിയ്ക്കണം. പ്രധാൻ മന്ത്രി സഡക് യോജന പദ്ധതി പ്രകാരം നിർമ്മിച്ച കൊല്ലം, പത്തനംതിട്ട ജില്ലകളിലെ റോഡുകളുടെ ഗുണ നിലവാരം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാൻ ദേശീയ റോഡ് വികസന അതോറിട്ടി ചുമതലപ്പെടുത്തിയ നാഷണൽ ക്വാളിറ്റി മോണിറ്റർ ആയിരുന്നു ശെെലേന്ദ്ര കുമാർ. റോഡ് പരിശോധനയ്ക്കെത്തിയ ഇയാൾ കോൺട്രാക്ടർമാരുടെ ഇംഗിതത്തിന് വഴങ്ങി ആഡംബര ഹോട്ടലിൽ താമസിച്ച് ഹൗസ് ബോട്ടിൽ ഉല്ലാസ യാത്ര നടത്തി സർട്ടിഫിക്കറ്റ് നൽകിയെന്നാണ് കേസ്. ഇതിൻെറ സകല ചെലവുകളും കോൺട്രാക്ടർമാരെകൊണ്ടാണ് നടത്തിയത്. സി ബി.എെ നടത്തിയ റെയ്ഡിൽ ഇയാളുടെ മുറിയിൽ നിന്ന് 165500 രൂപ പിടിച്ചെടുത്തിരുന്നു . സി.ബി.എെ യ്ക്ക വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എം.നവാസ് ഹാജരായി .