കൊല്ലം: കാർത്തി നായകനായ തമിഴ് ചലച്ചിത്രം കൈദിയുടെ രണ്ടാം ഭാഗം നിർമ്മിക്കുന്നതും മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റുന്നതും തടഞ്ഞ് കൊല്ലം ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജ് കെ.വി. ജയകുമാർ ഉത്തരവിട്ടു. കൊല്ലം മുഖത്തല രജനി ഭവനിൽ രാജീവ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
2004 കാലയളവിൽ രാജീവ് ഒരു കേസിൽപ്പെട്ട് തമിഴ്നാട്ടിലെ പുഴൽ ജയിലിൽ കഴിഞ്ഞിരുന്നു. ആ സമയത്തുണ്ടായ തന്റെ അനുഭവങ്ങൾ ജീവഗന്ധി എന്ന പേരിൽ കഥയാക്കിയിരുന്നു. ഹോട്ടൽ മാനേജ്മെന്റ് പാസായ രാജീവ് പിന്നീട് സിനിമാ താരങ്ങൾ സ്ഥിരമായി താമസിക്കുന്ന എറണാകുളത്തെ ഭാരത് ഹോട്ടലിൽ മാനേജരായി ജോലി നോക്കി. അപ്പോൾ സിനിമാനിർമ്മാതാവായിരുന്ന എ.ആർ. രാജനെ പരിചയപ്പെട്ടു. അദ്ദേഹം വഴി കൈദി സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ എസ്.ആർ. പ്രഭുവിനെ 2007ൽ നേരിൽ കണ്ട് തന്റെ പക്കലുണ്ടായിരുന്ന കഥ കൈമാറി. അതിന്റെ ഒരു ഭാഗം ഉപയോഗിച്ചാണ് കൈദിയുടെ ആദ്യഭാഗം ചിത്രീകരിച്ചതെന്നാണ് രാജീവ് പറയുന്നത്.
രണ്ടാം ഭാഗം ഉടനെ പുറത്തിറക്കുമെന്ന് സിനിമയുട അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. രണ്ടാംഭാഗം രാജീവിന്റെ കഥാഭാഗം ഉപയോഗിച്ച് നിർമ്മിക്കാൻ പാടില്ലെന്നും ആദ്യഭാഗം മറ്റ് ഭാഷകളിലേക്ക് ഇനി ഒരു ഉത്തരവുണ്ടാകുംവരെ പുനർനിർമ്മിക്കാൻ പാടില്ലെന്നുമാണ് കോടതി ഉത്തരവ്. അഭിഭാഷകരായ പി.എ. പ്രിജി, എസ്. സുനിമോൾ, വി.എൽ. ബോബിൻ എന്നിവർ രാജീവിന് വേണ്ടി കോടതിയിൽ ഹാജരായി.