കരുനാഗപ്പള്ളി: നഗരസഭയുടെ പരിധിയിൽ വരുന്ന പോക്കാട്ട്മുക്ക് - പമ്പ് ഹൗസ് റോഡിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. പുനരുദ്ധാരണത്തിന്റെ ഭാഗമായി ജെ.സി.ബി ഉപയോഗിച്ച് റോഡ് പൂർണമായും ഇളക്കിയിട്ടാതാണ് നാട്ടുകാർക്ക് ഇപ്പോൾ വിനയായിരിക്കുന്നത്. റോഡ് ടാർ ചെയ്യുന്നതിന്റെ മുന്നോടിയായി പുതുതായി മെറ്റിൽ വിരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. ടാറിംഗ് ജോലി ഇനിയും അനന്തമായി നീളുകയാണ്.
വാഹനങ്ങൾ ഓട്ടം നിറുത്തി
മെറ്റിൽ ഇളകി കിടക്കുന്ന റോഡിലൂടെയുള്ള കാൽനട യാത്ര പോലും ദുഷ്ക്കരമാണ്. കഴിഞ്ഞ 4 മാസമായി ഒരു വാഹനങ്ങളും ഇതു വഴി കടന്ന് പോകാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. മെറ്റിലിൽ കയറി വാഹനങ്ങളുടെ ടയർ തകരാൻ തുടങ്ങിയതോടെയാണ് വാഹനങ്ങളൾ ഇതു വഴിയുള്ള ഒട്ടം നിറുത്തിയത്. തുറയിൽകുന്ന് ഭാഗങ്ങളിൽ ഉള്ളവർക്ക് പണിക്കർകടവുമായി ബന്ധപ്പെടാനുള്ള എളുപ്പമാർഗമാണ് അതോടെ അടഞ്ഞത്.
നാട്ടുകാർ പ്രതിഷേധത്തിൽ
വർഷങ്ങളായി തകർന്ന് കിടന്ന റോഡിന്റെ പുനരുദ്ധാരണത്തിന് മുൻ എം.എൽ.എ ആർ.രാമചന്ദ്രനാണ് ഫണ്ട് അനുവദിച്ചത്. 24 ലക്ഷം രൂപയാണ് റോഡിന്റെ പുനർ നിർമ്മാണത്തിനായി അനുവദിച്ചത്. റോഡിന്റെ ടാറിംഗ് ജോലികൾ നീളുമ്പോൾ ജനങ്ങളുടെ യാത്രാ ദുരിതവും ഏറുകയാണ്. അര കിലോറീറ്ററോളം ദൈർഘ്യം വരുന്ന റോഡിന്റെ പണി ഇഴഞ്ഞ് നീങ്ങുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. അടിയന്തരമായി റോഡ് ടാർ ചെയ്ത് യാത്രക്കാരുടെ ദുരിതമൊഴിവാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.