v

കൊല്ലം: ജില്ലയിലെ പൊലീസ് ഡിവൈ.എസ്.പിമാരുടെ സ്ഥലംമാറ്റത്തിൽ പിന്നാക്കവിഭാഗക്കാരെ പൂർണമായും തഴഞ്ഞു. ക്രമസമാധാനച്ചുമതലയുള്ള ആറ് ഡിവൈ.എസ്.പിമാരുടെ തസ്തികയിൽ ഒരു പിന്നാക്കക്കാരൻ പോലും ഇടംപിടിച്ചില്ല. സിറ്റിയിലും റൂറലിലുമായുള്ള ആറ് ക്രമസമാധാന ഡിവൈ.എസ്.പിമാരുടെ കസേരകളും മുന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പങ്കിട്ട് നൽകുകയായിരുന്നു. ശേഷിക്കുന്ന 11 സ്പെഷ്യൽ യൂണിറ്റ് ഡിവൈ.എസ്.പിമാരുടെ തസ്തികകളിലും പേരിനുപോലും ഒരു പിന്നാക്കക്കാരനില്ല.

എസ്.എൻ.ഡി.പി യോഗത്തിന്റെ ആസ്ഥാനമെന്ന നിലയിൽ കൊല്ലം ഡിവിഷൻ ലാ ആൻഡ് ഓ‌ർഡർ ഡിവൈ.എസ്.പി സ്ഥാനം ഈഴവ വിഭാഗത്തിന് നൽകുന്ന കീഴ്വഴക്കം മുൻപുണ്ടായിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ഈഴവ വിഭാഗത്തിൽ നിന്ന് ഒരാളെപ്പോലെ കൊല്ലം എ.സി.പി ആക്കിയിട്ടില്ല. തിരഞ്ഞെടുപ്പിനുശേഷമുള്ള സ്ഥലംമാറ്റത്തിന് സാമുദായിക സമവാക്യങ്ങൾകൂടി പരിഗണിച്ചുള്ള പട്ടികയാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ, അദ്ദേഹത്തിന് മേൽ പ്രത്യേക സ്വാധീനം ചെലുത്തിയവരെ നിയമിക്കുകയായിരുന്നു.

സാധാരണ ഭരണകക്ഷിയോട് അടുത്ത് നിൽക്കുന്നവർക്ക് ക്രമസമാധാനച്ചുമതല ലഭിക്കാറുണ്ട്. എന്നാൽ ഇത്തവണ മുന്നാക്കക്കാരും ന്യൂനപക്ഷ വിഭാഗങ്ങളും പിടിമുറിക്കിയതോടെ ഇടതുപക്ഷത്തോട് അടുത്തുനിൽക്കുന്ന പിന്നാക്ക വിഭാഗക്കാർ പോലും അവഗണിക്കപ്പെടുകയായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നാക്ക സമുദായ നേതൃത്വം എൽ.ഡി.എഫിനെതിരായ നിലപാടാണ് സ്വീകരിച്ചത്. അപ്പോഴും പിന്നാക്കവിഭാഗങ്ങൾ നൽകിയ ശക്തമായ പിന്തുണയുടെ ബലത്തിലാണ് എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്തിയതെന്നാണ് പൊതുവിലയിരുത്തൽ. എന്നാൽ തുടർഭരണം ലഭിച്ചുകഴിഞ്ഞപ്പോൾ പിന്നാക്കക്കാരെ അവഗണിക്കുന്നതിന്റെ സൂചനയാണ് ജില്ലയിലെ ഡിവൈ.എസ്.പിമാരുടെ സ്ഥലം മാറ്റത്തിൽ പ്രതിഫലിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. സി.ഐമാരുടെ സ്ഥലം മാറ്റത്തിൽ ഉൾപ്പടെ മുന്നാക്ക പ്രീണനം ദൃശ്യമാണ്.

സ്റ്റേഷനുകളിലും അവഗണന

സ്റ്റേഷനുകളിലും പൊലീസിലെ മറ്റ് തന്ത്രപ്രധാന ഓഫീസുകളിലും ഉൾപ്പടെ പിന്നാക്കക്കാർ കടുത്ത അവഗണനയാണ് നേരിടുന്നത്. എസ്.എച്ച്.ഒയും എസ്.ഐ, എ.എസ്.ഐ തസ്തികയിലുള്ളവരും കഴിഞ്ഞാൽ റൈറ്ററാണ് സ്റ്റേഷനിലെ പ്രധാനി. ഉയർന്ന ഉദ്യോഗസ്ഥരുടെ അനുമതിയോടെ എസ്.എച്ച്.ഒമാരാണ് റൈറ്ററെ തീരുമാനിക്കുന്നത്. സമുദായ പ്രേമികളായ ഉദ്യോഗസ്ഥർ സീനിയോറിറ്റി പോലും മറികടന്ന് മുന്നാക്ക വിഭാഗക്കാരായ തങ്ങളുടെ ഇഷ്ടക്കാരെ റൈറ്റർമാരായി നിയമിക്കുന്നതായും പരാതിയുണ്ട്.