road
റോഡിൻറെ ഉയരം കുറയ്ക്കുന്നതിന്റെ ഭാഗമായി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നു

പടിഞ്ഞാറേകല്ലട: പഞ്ചായത്തിലെ കാരാളിമുക്ക് ,​ വളഞ്ഞവരമ്പ് കടപുഴ റോഡിൽ വളഞ്ഞവരമ്പ് ലക്ഷംവീട് കോളനിക്ക് മുന്നിലെ പി.ഡബ്ല്യു. ഡി റോഡിൽ നിരന്തരമായി ഉണ്ടാകുന്ന വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായുള്ള നടപടികൾ ആരംഭിച്ചു. കിഫ്ബി പദ്ധതി പ്രകാരം നവീകരണം നടന്നുവരുന്ന റോഡിന്റെ ഈ ഭാഗത്തെ കുത്തനെയുള്ള ഉയരം കുറയ്ക്കണമെന്ന നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഏതാണ്ട് 50 മീറ്ററോളം ഭാഗം മെറ്റിലിട്ട് ലെവൽ ചെയ്തശേഷം ടാർചെയ്യാതെ കിടക്കുകയായിരുന്നു. മെറ്റിലുകൾ ഇളകി ഇരുചക്രവാഹന യാത്രക്കാർ അടക്കമുള്ളവർ അപകടത്തിലാകുന്നതും പതിവായിരുന്നു.

കേരളകൗമുദി വാർത്ത തുണയായി

വളഞ്ഞവരമ്പ് റോഡിന്റെ ദുരവസ്ഥ കേരളകൗമുദി വാർത്തയാക്കിയിരുന്നു. വാർത്ത കണ്ട പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ജെ .സി. ബി ഉപയോഗിച്ച് റോഡിന്റെ ഉയർന്ന ഭാഗത്തെ മണ്ണ് നീക്കം ചെയ്ത് പൊക്കം കുറയ്ക്കുവാനുള്ള നടപടി ആരംഭിക്കുകയും ചെയ്തു. ഒരാഴ്ച സമയം കൊണ്ട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.

കുടിവെള്ളം കിട്ടാതെ വലഞ്ഞു നാട്ടുകാർ

റോഡിന്റെ ഉയരം കുറയ്ക്കുന്നതിന്റെ ഭാഗമായി ജെ. സി .ബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചിരുന്ന കുടിവെള്ള പൈപ്പ്ലൈനിന് കേടുപാടുകൾ സംഭവിച്ചതു കാരണം പ്രദേശത്തെ ജലവിതരണം പൂർണമായും നിലച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി കുടിവെള്ളം കിട്ടാതെ വലയുകയാണ് നാട്ടുകാർ.ശാസ്താംകോട്ട വാട്ടർ അതോറിറ്റി ജീവനക്കാർ സ്ഥലത്തെത്തി ഈ ഭാഗത്തെ 100മീറ്റർ ദൂരത്തിലുള്ള കേടായ പൈപ്പ് ലൈനുകൾ മാറ്റി പകരം പുതിയ പി. വി .സി പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്.