ns-
എൻ.എസ് സഹകരണ ആശുപത്രിയിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണം പ്രസിഡന്റ് പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഡോക്‌ടേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി എൻ.എസ് സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ സെമിനാർ, ഡോക്ടർമാരെ ആദരിക്കൽ എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

'ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കും എതിരെയുള്ള അതിക്രമങ്ങളെ നിയമപരമായി നേരിടാം' എന്ന വിഷയത്തിൽ അഡ്വ. കല്ലമ്പലം എസ്. ശ്രീകുമാറും 'കൊവിഡ് മൂന്നാംതരംഗം പ്രതീക്ഷിക്കേണ്ടതെന്ത്, എങ്ങനെ തടയാം' എന്ന വിഷയത്തിൽ എമർജൻസി മെഡിസിൻ വിഭാഗം ചീഫ് ഡോ. അശ്വിൻ രജനീഷും സെമിനാറുകൾ നയിച്ചു. സീനിയർ ഫിസിഷ്യൻ ഡോ. അബ്ദുൽ ലത്തീഫ്, സീനിയർ കാർഡിയോളജിസ്റ്റ് ഡോ. ആർ. സുജയ് എന്നിവർ മോഡറേറ്റർമാരായിരുന്നു.

കൊവിഡ് ചികിത്സയ്ക്ക് നേതൃത്വം വഹിക്കുന്ന ഡോ. ഡി. ശ്രീകുമാർ, ഡോ. റെയ്ച്ചൽ ഡാനിയേൽ, ഡോ. എസ്. സോണിയ, ഡോ. രേണുചന്ദ്രൻ, ഡോ. അഡ്‌ലിൻ ടീന മാനുവൽ, ഡോ. ഗായത്രി ആർ. പിള്ള, ഡോ. വി.എസ്. സൗമ്യ, ഡോ. ലക്ഷ്മി. എം. നാരായൺ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ആരോഗ്യപ്രവർത്തകർക്ക് സംരക്ഷണമുറപ്പാക്കാൻ ആശുപത്രിയിലെ ഐ.ടി വിഭാഗം രൂപകല്പന ചെയ്ത 'സേഫ് ഡോക്' മൊബൈൽ ആപ്ളിക്കേഷൻ ആശുപത്രി വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള പുറത്തിറക്കി.

ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.ഡി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. പബ്ലിക് റിലേഷൻസ് ഓഫീസർമാരായ ജയ് ഗണേശ്, ഇർഷാദ് ഷാഹുൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി. ഷിബു സ്വാഗതവും ഡോ. അജയ് കൃഷ്ണൻ നന്ദിയും പറഞ്ഞു.