പുനലൂർ: വിള്ളൽ വീണ് അപകടക്കെണിയായി മാറിയ കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ കലയനാട്ട് അപകട സൂചന ബോർഡുകൾ സ്ഥാപിച്ചു. ഇന്നലെ ഉച്ചയോടെയാണ് വിള്ളലും കുഴിയും രൂപപ്പെട്ട പാതക്ക് മദ്ധ്യേ അപകട സൂചന ബോർഡ് സ്ഥാപിച്ചത്. ആറ് മാസം മുമ്പ് 35കോടിയോളം രൂപ ചെലവഴിച്ച് നവീകരിച്ച ദേശീയ പാതയിൽ വിള്ളൽ വീണ് കൂറ്റൻ കുഴി രൂപപ്പെട്ടിരുന്നു.
കേരളകൗമുദി വാർത്ത തുണയായി
അപകടക്കെണിയായി മാറിയ പാതയിൽ അപകട സൂചന ബോർഡുകൾ സ്ഥാപിക്കുന്നതിന് പകരം ഒരു ചുവന്ന കൊടി മാത്രമായിരുന്നു സ്ഥാപിച്ചത്. രാത്രിയിൽ ഇത് വഴി കടന്ന് വരുന്ന ചരക്ക് ലോറിയടക്കമുളള വാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങൾക്ക് കാരണമാകുമെന്ന് കേരളകൗമുദി ഇന്നലെ വാർത്ത പ്രസിദ്ധികരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ദേശിയ പാത അധികൃതർ ഉച്ചയോടെ എത്തി ഇവിടെ വീപ്പകൾ നിരത്തി അപക സൂചന ബോർഡും സ്ഥാപിച്ചത്. റീ ടാറിംഗിലെ അപാകത മൂലമാണ് ദേശീയ പാതയിൽ വിള്ളൽ വീണ്കൂറ്റൻ കുഴി രൂപ്പട്ടതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. എന്നാൽ വാട്ടർ അതോറിറ്റിയുടെ പഴഞ്ചൻ പൈപ്പ് ലൈനിന്റെ തകരാറുകളാണ് റോഡിൽ വിള്ളലിന് പിന്നിലെന്ന് ദേശീയ പാത അധികൃതരുടെ വാദം.