തഴവ: ഒറ്റയ്ക്ക് താമസിച്ച് വരുകയായിരുന്ന ഗൃഹനാഥനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുലശേഖരപുരം തുറയിൽ കടവ് പണ്ടകശാലയിൽ അജയഘോഷാണ് (71) മരിച്ചത്. ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം പുലർച്ചെ വീടിന് പുറത്തു കണ്ടിരുന്നതായി അയൽവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഉച്ചയോടെ വീട്ടിൽ അന്വേഷിച്ചെത്തിയ സുഹൃത്താണ് മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്. ഈ സമയം വീടിന്റെ വാതിൽ തുറന്ന് കിടക്കുകയും ടെലിവിഷൻ പ്രവർത്തിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. വിവസ്ത്രനായി കട്ടിലിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് രാത്രിയോടെ കൊല്ലത്ത് നിന്ന് ഫോറൻസിക് വിദഗ്ദ്ധരെത്തി പരിശോധന നടത്തി. ഭാര്യ: പൊന്നമ്മ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ). മക്കൾ: മനു, മേഘ.