കൊല്ലം: നിർമ്മാണം പൂർത്തിയാകും മുൻപെ കൊട്ടാരക്കര- പുത്തൂർ റോഡ് തകർന്നു. കൊട്ടാരക്കര മുസ്ളീം സ്ട്രീറ്റ് ഭാഗത്താണ് ആദ്യഘട്ട ടാറിംഗ് നടത്തിയ ഭാഗം തകർന്ന് കുഴികളായത്. കൊട്ടാരക്കരയ്ക്കും പുത്തൂരിനും ഇടയിൽ പലയിടത്തും മഴവെള്ളം കെട്ടി നിന്നും മറ്റുമായി റോഡിന് തകർച്ചയുണ്ടായിട്ടുമുണ്ട്.
20.80 കോടിയുടെ നിർമ്മാണം
കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് ശാസ്താംകോട്ടമുതൽ - കൊട്ടാരക്കര- നീലേശ്വരം -കോടതി സമുച്ചയം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. 20.80 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. കോടികളുടെ ബില്ല് മാറിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ നിർമ്മാണം പൂർത്തിയാക്കാതെ പാതിവഴിയിൽ മുടങ്ങി. ആദ്യഘട്ട ടാറിംഗ് നടത്തിയ ഭാഗങ്ങളിൽ ടാറിംഗ് ഇളകിത്തുടങ്ങുകയും ചെയ്തു. പത്തടി, പണയിൽ ഭാഗത്ത് തോടിന് സംരക്ഷണ ഭിത്തി കെട്ടാനുമുണ്ട്. ആദ്യം കെട്ടിയ ഭാഗത്ത് ഇടിഞ്ഞുതള്ളിയത് പുനർ നിർമ്മിച്ചിരുന്നു. തോടിനോട് ചേരുന്ന കുറച്ചുഭാഗം തീർത്തും അപകടാവസ്ഥയിലുമാണ്. റോഡിന്റെ വശങ്ങളിൽ കാടുമൂടിയത് കാൽനടയാത്രികരെയും ബുദ്ധിമുട്ടിക്കുന്നു.
മന്ത്രി ഇടപെടുമെന്ന പ്രതീക്ഷയിൽ
റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് വേണ്ട ഇടപെടൽ നടത്തുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞതിന്റെ പ്രതീക്ഷയിലാണ് നാട്ടുകാർ. ടാറിംഗ് ഇളകി കുഴികൾ രൂപ്പെട്ടത് അറ്റകുറ്റപ്പണികൾ നടത്തിയില്ലെങ്കിൽ കൂടുതൽ ദുരിതമാകും. ഇക്കാര്യത്തിൽക്കൂടി അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.