പുനലൂർ: തെന്മല പഞ്ചായത്തിലെ ഒറ്റക്കല്ലിൽ വീടിന്റെ ടെറസിൽ സൂക്ഷിച്ചിരുന്ന 71 കിലോഗ്രാം റബർ ഷീറ്റും 40കിലോഗ്രാം ഒട്ടുപാലും മോഷണം പോയി. ഒറ്റക്കൽ പത്തേക്കർ കുന്നേൽ വീട്ടിൽ ബാബു എന്ന വർഗീസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച അർദ്ധ രാത്രിയോടെയാണ് മോഷണം നടന്നതെന്ന് വീട്ടുടമ പറഞ്ഞു. വീടിനോട് ചേർന്ന് കുളിമുറിയുടെ മുകളിലൂടെ കയറിയാകാം മോഷ്ടാക്കൾ ടെറസിൽ എത്തിയത്. എന്നാൽ ടെറസിലെ കിടപ്പ് മുറി പൂട്ടി താക്കേൽ അതിൽ തന്നെ നിറുത്തിയിരുന്നെങ്കിലും ഇത് മോഷ്ടാക്കളുടെ ശ്രദ്ധയിൽപ്പെടാതിരുന്നത് കാരണം കൂടുതൽ നഷ്ടം സംഭവിച്ചില്ലെന്നും വീട്ടുടമ പറഞ്ഞു. ഇന്നലെ രാവിലെയാണ് മോഷണ വിവരം വീട്ടുകാർ അറിഞ്ഞത്.ഉടൻ തെന്മല പൊലിസിന് വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് മേൽ നടപടികൾക്ക് ശേഷം അന്വേഷണം ആരംഭിച്ചു.