c

അഞ്ചൽ: നിർമ്മാണം പുരോഗമിക്കുന്ന അഞ്ചൽ ബൈപ്പാസ് റോഡിൽ സ്വകാര്യ ബസുടമ അഞ്ചൽ അഗസ്ത്യക്കോട് ഉല്ലാസിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം പൊള്ളലേറ്റതെന്ന് പ്രാഥമികനിഗമനം. മരിക്കുന്നതിന് മുൻപ് മർദനങ്ങളോ പിടിവലികളോ നടന്നതിന്റെ സൂചനകളില്ലെന്നും അന്വേഷണ സംഘം പറഞ്ഞു. ബൈപ്പാസ് അഞ്ചൽ - അയൂർ റോഡിൽ പ്രവേശിക്കുന്നതിനടുത്തുള്ള സെന്റ് ജോർജ് സ്കൂളിന് സമീപം വ്യാഴാഴ്ച രാവിലെയാണ് ഉല്ലാസിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ശരീരത്തിന്റെ ചില ഭാഗങ്ങളിൽ പൊള്ളലേൽക്കാത്തതും മൃതദേഹത്തിന് തൊട്ടടുത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ കരിയാതിരുന്നതും ദുരൂഹത വർദ്ധിപ്പിച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ സംഭവസ്ഥലത്ത് നിന്ന് തീ ഉയരുന്നത് സമീപത്തെ സ്കൂളിലെ സി.സി ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഉല്ലാസിന്റെ സുഹൃത്തുക്കൾ, അവസാനമായി ഫോണിൽ സംസാരിച്ചവർ, ബന്ധുക്കൾ തുടങ്ങിയവരിൽ നിന്ന് പൊലീസ് വരും ദിവസങ്ങളിൽ മൊഴിയെടുക്കും.