ചാത്തന്നൂർ: കല്ലുവാതുക്കൽ ഊഴായ്ക്കോട് നവജാത ശിശുവിനെ ഉപേക്ഷിക്കുകയും തുടരന്വേഷണത്തിനിടെ രണ്ട് യുവതികൾ ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിൽ ഗ്രീഷ്മയുടെ ഫെയ്സ് ബുക്ക് സുഹൃത്തായ യുവാവിനെ പൊലീസ് ചോദ്യം ചെയ്തു. പാരിപ്പളളി സ്വദേശിയായ അമലിനെയാണ് ചോദ്യം ചെയ്തത്. അന്വേഷണത്തിനിടെ ആത്മഹത്യചെയ്ത ഗ്രീഷ്മയുമായി അടുപ്പമുണ്ടായിരുന്ന പരവൂർ സ്വദേശിയായ മറ്റൊരു അമലിനെ നേരത്തേ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെ പാരിപ്പള്ളി സ്വദേശി അമലിനെ ചാത്തന്നൂർ എ.സി.പി ഓഫീസിലെത്തിച്ച് എ.സി.പി വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിൽ മൂന്ന് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്.
കേസിൽ അറസ്റ്റിലായ രേഷ്മ കൊല്ലം സ്വദേശിയായ അനന്ദുവിന് പുറമേ നിരന്തരമായി ഫെയ്സ് ബുക്കിൽ വിവിധ ഐഡികളുണ്ടാക്കി നിരവധി പേരുമായി ബന്ധം പുലർത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. രേഷ്മയുടെ പാസ് വേഡ് അറിയാമായിരുന്ന ഗ്രീഷ്മയും ആര്യയും ഇവരുമായെല്ലാം ഫെയ്സ്ബുക്കിലൂടെ ആശയവിനിമയം നടത്തിയിട്ടുണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്.