കൊല്ലം: ഡോ. ശിവരാമകൃഷ്ണപിള്ള യാത്ര പറഞ്ഞുപോയപ്പോൾ അസ്തമിച്ചത് ആതുരസേവനത്തിന്റെ ജനകീയ മുഖം. ഡോക്ടറുടെ കാബിനിന് പുറത്തേക്കിറങ്ങി ജനങ്ങൾക്കൊപ്പം സഞ്ചരിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റട്ടത്. ആതുരസേവന രംഗത്തിനപ്പുറം കൊല്ലത്തിന്റെ സാമൂഹിക, സാംസ്കാരിക രംഗത്തെ തിളങ്ങുന്ന ശബ്ദവും സാന്നിദ്ധ്യവുമായിരുന്നു ഡോ. ശിവരാമകൃഷ്ണപിള്ള.

നിലവിളക്കിന്റെ വെളിച്ചത്താലായിരുന്നു അദ്ദേഹത്തിന്റെ പഠനം. അതുകൊണ്ടുതന്നെ പാവങ്ങളുടെ ഹൃദയസ്പന്ദനം അറിയാൻ അദ്ദേഹത്തിന് സ്റ്റെതസ്കോപ്പ് വേണ്ടിവന്നില്ല. തൃക്കടവൂർ പി.എച്ച് സെന്ററിൽ ജോലിയിൽ പ്രവേശിച്ചത് മുതൽ പാവങ്ങൾക്ക് അദ്ദേഹം പ്രത്യേക പരിഗണന നൽകി. ചികിത്സയെ പണത്തിനായി മാത്രം ഒരു ഡോക്ടറും ഉപയോഗിക്കരുതെന്നും മറ്റുള്ളവരെ സഹായിക്കാൻ ദൈവം നൽകിയ അവസരമായി കാണണമെന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാകാം അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയപ്പോൾ ജനങ്ങൾ സംഘടിച്ച് പ്രതിഷേധിച്ചത്. പി.എച്ച് സെന്ററിൽ നിന്ന് അദ്ദേഹം കൊല്ലം ജില്ലാ ആശുപത്രിയിലെത്തി. അവിടെ നിന്ന് 1970ൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയപ്പോഴാണ് ജനകീയ പ്രതിഷേധം ഉയർന്നത്.

1996ൽ കൊല്ലം പാർലമെന്റ് സീറ്റിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകാൻ സി.പി.എം നേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും സ്നേഹപൂർവം നിരസിച്ചു. 2007 മുതൽ ആറ് വർഷക്കാലം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്നു. ഇക്കാലത്ത് കായിക രംഗത്തിന്റെ മുന്നേറ്റത്തിനായി നിർണായക ഇടപെടലുകൾ നടത്തി. നഗരത്തിലെ വികസനത്തിന് പല ഘട്ടങ്ങളിലും അദ്ദേഹം ദീർഘവീക്ഷണത്തോടെയുള്ള നിർദേശങ്ങൾ പങ്കുവച്ചിരുന്നു.