പത്തനംതിട്ട : തിരുവല്ല ട്രാവൻ കൂർ ഷുഗർമില്ലിലെ വിവാദമായ സ്പിരിറ്റ് കുംഭകോണക്കേസ് അട്ടിമറിക്കാൻ നീക്കം. തിരിമറിയിൽ പിടിക്കപ്പെട്ട ട്രാൻസ്പോർട്ടിംഗ് കമ്പനിയുടെ കരാർ കാലാവധിക്കുള്ളിലെ ഇടപാടുകൾ മാത്രം പരിശോധിച്ച് മുമ്പ് നടന്ന തട്ടിപ്പുകൾ മൂടി വയ്ക്കാൻ നടത്തുന്ന ശ്രമമാണ് അട്ടിമറി സംശയത്തിലേക്ക് വിരൽചൂണ്ടുന്നത്. മദ്ധ്യപ്രദേശിൽ നിന്ന് രണ്ട് ടങ്കർ ലോറികളിൽ നാലുതവണയായി എത്തിച്ച എട്ടുലോഡുകളിൽ മാത്രമാണ് തിരിമറി നടന്നതെന്ന വിധത്തിൽ അന്വേഷണം ഒതുക്കാനാണ് കമ്പനി അധികൃതരുടെ നീക്കം. സ്പിരിറ്റ് തിരിമറിയിൽ പ്രതിയായി ഒളിവിൽ പോകുകയും സസ്പെൻഷനിലാകുകയും ചെയ്ത ജനറൽ മാനേജർ അലക്സ് പി.എബ്രഹാം, പഴ്സണൽ മാനേജർ ഹാഷിം, പ്രൊഡക്ഷൻമാനേജർ മേഘമുരളി എന്നിവരെ മാത്രം പ്രതിസ്ഥാനത്താക്കി മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കമ്പനിയിലെ ഉന്നത പദവികൾ വഹിക്കുന്നവരും സ്പിരിറ്റ് ഇറക്കുന്നതിന്റെ ചുമതല വഹിച്ചിരുന്ന എക്സൈസ് ഉദ്യോഗസ്ഥരുമുൾപ്പെട്ട തിരിമറിയിൽ കൂടുതൽപേരെ പ്രതികളാക്കുന്നത് ഒഴിവാക്കാനാണിത്. ടാങ്കറുകാരുടെ ഒത്താശയോടെയുള്ള സ്പിരിറ്റ് കടത്തുന്നത് ഇതാദ്യമായിട്ടല്ലെന്ന് കമ്പനി ജീവനക്കാരുൾപ്പെടെ രഹസ്യമായി സമ്മതിക്കുന്നുണ്ട്.
മുമ്പ് സ്പിരിറ്റെത്തിച്ചിരുന്ന കമ്പനികളുടെ അറിവോടെയും ഇത്തരത്തിൽ തിരിമറി നടന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. കമ്പനിയിലെ സ്റ്റോക്ക് കൃത്യമായി കണക്കാക്കിയശേഷം സ്പിരിറ്ര് ഇറക്കുമതിയുമായി ബന്ധപ്പെട്ട ഫയലുകളും ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പരിശോധിച്ചാലേ തട്ടിപ്പിന്റെ കൃത്യമായ വിവരങ്ങൾ പുറത്തുവരൂ. കമ്പനിയിലെ സ്പിരിറ്റിന്റെ സ്റ്റോക്ക് പരിശോധിക്കാൻ ഓഡിറ്റിംഗ് നടത്തിയതായി പറയപ്പെടുന്നുണ്ടെങ്കിലും കുറവുളള സ്പിരിറ്രിന് പകരം ഉപയോഗിച്ച ഡിസ്റ്റിലറി വാട്ടറിന്റെ അളവുൾപ്പെടെയുള്ള കാര്യങ്ങൾ ഫോറൻസിക് പരിശോധനയിൽ വ്യക്തമായാൽ മാത്രമേ തട്ടിപ്പിന്റെ ആഴം വ്യക്തമാകൂ. ജീവനക്കാരുടെ മൊബൈൽ കോളുകളുടെ വിശദാംശങ്ങളും വാട്ട്സ് ആപ് ചാറ്റുകളും പണം ഇടപാടുകളുമെല്ലാം പരിശോധനാവിധേയമാകണം. നിലവിൽ പുളിക്കീഴ് പൊലീസും എക്സൈസുമാണ് കേസ് അന്വേഷിക്കുന്നത്.സ്പിരിറ്റ് തിരിമറി നടന്ന മദ്ധ്യപ്രദേശിലേക്കും മറ്റും അന്വേഷണം വ്യാപിപ്പിക്കേണ്ടതിനാൽ ക്രൈംബ്രാഞ്ച് പോലുള്ള പ്രത്യേക ഏജൻസിക്ക് അന്വേഷണം കൈമാറിയാൽ മാത്രമേ സത്യം പുറത്തുവരൂ.
ജവാന്റെ ഗുണപരിശോധനയിലും തട്ടിപ്പ്
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് 2001മുതലാണ് ജവാൻ റം വിപണിയിലിറക്കിത്തുടങ്ങിയത്.
2006ൽ എൻ.ശങ്കർ റെഡ്ഡി ബിവ്കോ എം.ഡിയായി എത്തിയത് മുതലാണ് ബിവറേജസ് ഷോപ്പുകളിലോ ബാറുകളിലോ കാര്യമായ വിൽപ്പന ഇല്ലായിരുന്ന ജവാന്റെ അവസ്ഥയ്ക്ക് മാറ്റം വന്നത്. ബിവറേജസിന്റെ ഓരോ ഷോപ്പും 40 കേയ്സ് ജവാൻ റം എടുക്കണമെന്ന നിർദേശത്തോടെ വിപണിയിൽ ജവാൻ സുലഭമായി. ഒരു ലിറ്ററിന് 600 രൂപയാണ് വില. ദിവസം 8000 കേയ്സാണ് കമ്പനിയിലെ ഉൽപ്പാദനം. ഒമ്പത് ലിറ്ററാണ് ഒരുകേയ്സ്. 72000 ലിറ്ററായിരുന്നു പ്രതിദിന ഉൽപ്പാദനം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മദ്യ ഉൽപാദനത്തിനുള്ള സ്പിരിറ്റ് പുളിക്കീഴിലെ ഡിസ്റ്റിലറിയിൽ എത്തിക്കുന്ന ചുമതല കരാർ ഏറ്റെടുക്കുന്ന ട്രാൻസ്പോർട്ടിംഗ് കമ്പനിക്കാണ്. എവിടെ നിന്ന് വാങ്ങുന്നുവെന്നോ എന്തു വിലയാണെന്നോ കരാർ കൊടുക്കുന്ന ട്രാൻസ്പോർട്ടിംഗ് കമ്പനി അറിയാറില്ല. കമ്പനിയിലെത്തുന്ന സ്പിരിറ്റ് ഇവിടെയും തിരുവനന്തപുരത്തെ ലാബിലും പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കണമെന്നാണ് ചട്ടം.
റം ഉൽപാദിപ്പിച്ച ശേഷവും ഗുണനിലവാര പരിശോധന നടത്താറുണ്ട്. സ്പിരിറ്റ് കൊണ്ടുവരുന്ന ലോറിക്കാർ നടത്തുന്ന തട്ടിപ്പിനോ മോഷണത്തിനോ കമ്പനി ഉദ്യോഗസ്ഥർക്ക് നേരിട്ട് ഉത്തരവാദിത്തമില്ല.
പുളിക്കീഴ് കമ്പനിയിൽ കഴിഞ്ഞ ദിവസം എത്തിയ ടാങ്കറുകളിലെ മോഷണത്തിൽ കമ്പനി ഉദ്യോഗസ്ഥർക്ക് വ്യക്തമായ വിവരം ഉണ്ടായിരുന്നതായാണ് പൊലീസിന് കിട്ടിയിരിക്കുന്ന മൊഴി. സ്പിരിറ്റിൽ കുറവു വന്നാൽ റം ഉൽപാദനത്തിലും കുറവു വരും. ഇത് നികത്താനായി ഡിസ്റ്റിൽഡ് വാട്ടർ കൂടുതൽ ഉപയോഗിച്ചിരുന്നുവെന്നും ഇതോടെ ജവാനിലെ ആൽക്കഹോളിന്റെ ശതമാനം കുറവായിരുന്നുവെന്നും പരാതിയുണ്ട്.
തിരുവനന്തപുരത്തെ സർക്കാർ ലാബിൽ പരിശോധനയ്ക്ക് അയയ്ക്കുന്ന സാമ്പിളിൽ വീര്യം കുറയാതിരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നുവെന്ന് വ്യക്തം. തട്ടിപ്പ് പിടിക്കപ്പെടാതിരിക്കാനായിരുന്നു ഈ തന്ത്രം. ലോക്ക് ഡൗണായതോടെ കഴിഞ്ഞ ഒന്നര വർഷമായി കമ്പനിയിൽ ഉൽപ്പാദനം കുറവാണ്. ലോക്ക് ഡൗണിന് ഇളവ് നൽകുകയും ബിവറേജസ് ഷോപ്പുകൾ തുറക്കുകയും ചെയ്തതോടെയാണ് ഉൽപ്പാദനവും സ്പിരിറ്റ് സംഭരണവും കൂടിയത്.
വെയ് ബ്രിഡ്ജ് തകരാറാക്കിയത് തട്ടിപ്പിനോ?
പുളിക്കീഴ് ഷുഗർ ഫാക്ടറിയിലെ വെയ് ബ്രിഡ്ജ് തകരാറിലായിട്ട് വർഷങ്ങളായി. ആരുടെയൊക്കെയോ മൗനാനുവാദത്തോടെ ആഴ്ച തോറും നടക്കുന്ന വൻ തട്ടിപ്പിന്റെ തെളിവായി ആ വെയ് ബ്രിഡ്ജ് ഷുഗർ ഫാക്ടറി വളപ്പിലുണ്ട്. മാസം 15 മുതൽ 20 ലോഡ് സ്പിരിറ്റ് എത്തുന്നത് തൂക്കി നോക്കുന്നതിനാണ് വെയ് ബ്രിഡ്ജ് സ്ഥാപിച്ചിരുന്നത്. യന്ത്രം കേടായതോടെ സ്കെയിൽ ഉപയോഗിച്ചാണ് ടാങ്കറിലെ സ്പിരിറ്റിന്റെ ആഴം അളക്കുന്നത്. വെയ് ബ്രിഡ്ജ് തകരാറിലായ വിവരം മേലധികാരികളെ അറിയിക്കാനോ തകരാർ പരിഹരിക്കാനോ ശ്രമമുണ്ടായില്ല.
മോഷണത്തിന് മറയാക്കാൻ വെയ് ബ്രിഡ്ജ് കേടാക്കിയതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സർക്കാർ സ്ഥാപനമായിട്ടും കമ്പനിയിലെ നിയമനങ്ങൾ ഒന്നും ഇതുവരെ പി.എസ്.സിക്കു വിട്ടിട്ടില്ല. പ്രധാന തസ്തികകളിൽ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരെ നിയമിച്ചാണ് ജോലികൾ ചെയ്യുന്നത്. നൂറ്റിയമ്പതോളം പേർ ജോലി ചെയ്യുന്ന കമ്പനിയിൽ സ്ഥിര ജോലിക്കാർ 12 പേരാണ്.
ആശ്രിത നിയമനം ലഭിച്ച 18 പേരും ബോട്ടിലിംഗ് തൊഴിലാളികളായ 102 കുടുംബശ്രീ പ്രവർത്തകരുമുൾപ്പെയുള്ളവരെല്ലാം കരാർ തൊഴിലാളികളാണ്. കേസിൽ പ്രതിയായ പഴ്സണൽ മാനേജർ ഈമാസം റിട്ടയർ ചെയ്യുകയാണ്. ഇദ്ദേഹത്തിന് പകരം പുതിയ ആളെ നിയമിക്കാൻ പത്രത്തിൽ പരസ്യം ചെയ്യുകയും 42 പേരെ ഇന്റർവ്യൂ നടത്തിയ ലിസ്റ്റുമായി എം.ഡി യോഗേഷ് ഗുപ്തയെ സമീപിച്ചെങ്കിലും നിയമനം പി.എസ്.സിക്ക് വിട്ടതിനാൽ അദ്ദേഹം അംഗീകരിച്ചില്ല. തുടർന്ന് ഈ ഒരു തസ്തിക മാത്രം പി.എസ്.സി ക്ക് വിട്ട കമ്പനി മാനേജ്മെന്റ് സ്വീപ്പർ, ഗാർഡനർ, ഗസ്റ്റ് ഹൗസ് കുക്ക് എന്നിവയൊഴികെയുള്ള 25ലധികം തസ്തികകൾ പി.എസ്.സിക്ക് വിടാതെ ഒളിച്ചുകളി തുടരുകയാണ്. ആശ്രിത നിയമനത്തിൽ ജോലിയിൽ പ്രവേശിച്ചവരെ സ്ഥിരപ്പെടുത്താതെ നിയമനങ്ങൾ പി.എസ്.സി ക്ക് വിടില്ലെന്നാണ് മാനേജ് മെന്റ് നിലപാട്. തട്ടിപ്പിൽ മുഖ്യപ്രതിയായ അരുൺകുമാറും ആശ്രിത നിയമനം നേടിയ ആളാണ്.
അക്കൗണ്ടന്റായെത്തി
ജനറൽ മാനേജരായി
കമ്പനിയുടെ മുഴുവൻ ചുമതലയും വഹിക്കുന്ന ഉദ്യോഗസ്ഥൻ ജനറൽ മാനേജരാണ്. അലക്സ് പി.ഏബ്രഹാം ഒരു വർഷം മുമ്പാണ് ജനറൽ മാനേജരായത്. അക്കൗണ്ടന്റ് ആയി ജോലിയിൽ പ്രവേശിച്ചയാൾ പടിപടിയായി സ്ഥാനക്കയറ്റം നേടി ജനറൽ മാനേജരാകുകയായിരുന്നു. 2025 മേയ് വരെ ഇദ്ദേഹത്തിന് സർവീസ് കാലാവധിയുണ്ട്. കമ്പനിയിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ഇദ്ദേഹമാണ്. പെൻഷൻ പ്രായം ഉയർത്തുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇദ്ദേഹത്തിന്റ ഇടപെടൽ ഉണ്ടായതായാണ് ആരോപണം.
സ്പിരിറ്റ് വെട്ടി, പരാതി മുക്കി
സ്പിരിറ്റ് വെട്ടിപ്പ് ഉൾപ്പെടെ കമ്പനിയിലെ വിവിധ വിഷയങ്ങളിൽ സി.പി.എം പ്രാദേശിക നേതൃത്വം മേലധികാരികൾക്ക് നൽകിയിരുന്ന പരാതികൾ മുക്കി. സ്പിരിറ്റിന്റെ അളവിൽ കുറവുണ്ടെന്നും ഉദ്യോഗസ്ഥരുടെ നടപടികൾ ക്രമപ്രകാരം അല്ലെന്നും ഉൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് പ്രാദേശിക നേതൃത്വം പരാതിയിൽ ഉന്നയിച്ചത്. എന്നാൽ, പാർട്ടിയിലെ വിഭാഗീയതയുടെ ഭാഗമായാണ് പരാതിയെന്നാരോപിച്ച് അത് തള്ളുകയാണ് കമ്പനി അധികൃതർ ചെയ്തത്.
കമ്പനിയിലെ തൊഴിലാളി യുണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ടും പരാതി ഉന്നയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ മാത്രമാണ്. ഇടത്, വലതുമുന്നണി സർക്കാരുകളിൽ ഒരു പോലെ സ്വാധീനം കേസിൽ പ്രതി ചേർക്കപ്പെട്ട ജനറൽ മാനേജർക്കുണ്ടായിരുന്നു. ജനറൽ മാനേജരുടെ പെൻഷൻ പ്രായം 58ൽ നിന്ന് 60 ആയി ഉയർത്തിയത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിൽ സ്വാധീനം ഉപയോഗിച്ചാണെന്നും ആരോപണമുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജനറൽ മാനേജർ തസ്തികകളിൽ നിയമിക്കപ്പെടുന്നവരെ മാറ്റുന്നതിന്, ചട്ടപ്രകാരമുള്ള തടസങ്ങളാണ് അന്ന് നടപടിയെടുക്കാത്തതിന് പിന്നിലെന്ന വിശദീകരണവും ബന്ധപ്പെട്ടവർ നൽകുന്നു. ഒരു കമ്പനിയുടെ ജനറൽ മാനേജരെ മാറ്റുമ്പോൾ മറ്റൊരു കമ്പനിയിൽ അതേ തസ്തികയിൽ നിയമിക്കണമെന്നാണ് ചട്ടം. അല്ലെങ്കിൽ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാം. എന്നാൽ, പാർട്ടി നേതൃത്വം പരാതി നൽകിയിട്ടും അന്വേഷിക്കാൻ തയാറാകാതിരുന്നതിന്റെ അനന്തര ഫലമാണ് ഇപ്പോഴത്തെ സംഭവങ്ങൾ.