c

കൊല്ലം : കൊല്ലത്തെ പ്രമുഖ വ്യവസായിയും ചിന്നക്കടയിലെ ഫാഷൻ ജുവലറി, ഫാഷൻ ടെക്സ്റ്റൈൽസ് ഉടമയുമായ പി.കെ. സുധാകരൻ പിള്ള (76) അന്തരിച്ചു. ഫാഷൻ സുധാകരൻ പിള്ളയെന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ന് രാവിലെ പുന്തലത്താഴത്ത് ആനന്ദഭവൻ വീട്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വ്യാപാര മേഖലയ്ക്ക് പുറമേ പതിറ്റാണ്ടുകളായി കൊല്ലത്തെ സാമൂഹ്യ, സാംസ്കാരിക മേഖലകളിൽ സജീവസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. കൊല്ലത്തെ ചിന്മയ മിഷൻ ട്രസ്റ്റ് അംഗം, ചിന്മയ മിഷൻ ട്രസ്റ്റ് പ്രസിഡന്റ്, കൊല്ലം കഥകളി ക്ലബിന്റെയും പബ്ലിക് ലൈബ്രറിയുടെയും ഭരണ സമിതിയംഗം, വ്യാപാരി വ്യവസായി ഏകോപന സമിതി, മർച്ചന്റ് ചേംബർ ഒഫ് കൊമേഴ്സ് ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു. കൊല്ലം നഗരത്തിലെ സ്കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടുന്നവർക്കും മലയാളത്തിന് നൂറുശതമാനം മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്കും ഫാഷൻ ജുവലറിയുടെ പേരിൽ പതിറ്റാണ്ടുകളായി പി.കെ. സുധാകരൻപിള്ള സ്വർണമെഡൽ സമ്മാനിച്ചിരുന്നു. ഭാര്യ: ഗീത. മക്കൾ: ഗായത്രി, അർച്ചന, ഡോ. ഹരികൃഷ്ണൻ (ഉപാസന ആശുപത്രി). മരുമക്കൾ: ഡോ. വി.വി. രാജ്, ഹരിനായർ, ഡോ. അഖിലാശേഖർ. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.