കൊല്ലം: കൊല്ലം നഗരത്തിലെ എല്ലാ സാംസ്കാരിക ചടങ്ങുകളുടെയും അനിവാര്യ സാന്നിദ്ധ്യമായിരുന്ന ഫാഷൻ സുധാകരൻപിള്ള (പി.കെ. സുധാകരൻപിള്ള) ഇനി ഓർമ്മകളിൽ ജ്വലിക്കുന്ന നന്മമരം. സൗമ്യമായ ഇടപെടലിനൊപ്പം കൊല്ലത്തുകാരുടെ മനസിൽ കാരുണ്യത്തിന്റെ നിലാമഴയായി പെയ്തിറങ്ങിയാണ് അദ്ദേഹം മടങ്ങുന്നത്.
അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്റെ സുഖത്തിനായി വരേണമെന്ന ഗുരുദേവ വചനം ജീവിതമന്ത്രമാക്കിയ അദ്ധ്യാപകനായ ആർ. കേശവപിള്ളയുടെ മകനാണ് ഫാഷൻ സുധാകരൻപിള്ള. കേശവപിള്ള 1871ലാണ് കൊല്ലം ഫാഷൻ ജുവലറി ആരംഭിച്ചത്. സാംസ്കാരിക, സാമൂഹ്യ രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം വരുമാനത്തിന്റെ ഒരുവിഹിതം പാവങ്ങൾക്കായി നീക്കിവച്ചു.അതേ വഴിയിലൂടെ തന്നെയായിരുന്നു ഫാഷൻ സുധാകരൻ പിള്ളയുടെയും സഞ്ചാരം. മലയാള ഭാഷയോട് അദ്ദേഹത്തിന് പ്രണയമായിരുന്നു. അതുകൊണ്ടുതന്നെയാണ് പ്ലസ് ടുവിന് മലയാളത്തിന് നൂറ് ശതമാനം മാർക്ക് നേടുന്നവർക്ക് രണ്ട് വർഷത്തേക്ക് ആവശ്യമായ വസ്ത്രങ്ങൾ സൗജന്യമായി നൽകിയത്. ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് റാങ്ക് നേടുന്ന വിദ്യാർത്ഥികൾക്ക് സ്ഥിരമായി സ്വർണമെഡലുകൾ നൽകിയിരുന്നു. ഗ്രേഡ് വന്നതോടെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവർക്കും മെഡലുകൾ നൽകിത്തുടങ്ങി. ഇതിന് പുറമേ പത്താം ക്ലാസിൽ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി വിജയിക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികളുടെ രണ്ട് വർഷത്തെ പഠനച്ചെലവും അദ്ദേഹം ഏറ്റെടുത്തു. എൻജിനിയറിംഗ് മെഡിക്കൽ പ്രവേശനം ലഭിക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികളെയും അദ്ദേഹം സാമ്പത്തികമായി സഹായിച്ചിരുന്നു.
പാവപ്പെട്ട സ്ത്രീകൾക്ക് കുടുംബം പുലർത്താൻ തയ്യൽ മെഷീനുകൾ വാങ്ങി നൽകി. നിർദ്ധന കുടുംബങ്ങളിലെ പെൺകുട്ടികളെ ഉൾപ്പെടുത്തി പലതവണ സമൂഹ വിവാഹം നടത്തി. കിടപ്പാടം ഇല്ലാത്തവർക്ക് ഭൂമിവാങ്ങാനും വീട് വയ്ക്കാനും പണം നൽകി. ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങളും പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും സ്ഥിരമായി സമ്മാനിച്ചു. ഇങ്ങനെ നീളുന്നു ഫാഷൻ സുധാകരൻപിള്ളയുടെ സാമൂഹ്യ ഇടപെടലുകൾ. അദ്ദേത്തെപ്പോലെ ചുറ്റുമുള്ളവരെക്കുറിച്ച് ചിന്തിക്കുകയും അവർക്കായി സമ്പാദ്യം ചെലവഴിക്കുകയും ചെയ്യുന്നവർ കൊല്ലത്ത് ഇനി അപൂർവം.