കൊല്ലം: വികസനത്തിന് കാതോർക്കുന്ന കൊട്ടാരക്കര പട്ടണത്തിന് നടുവിൽ കല്ലട ഇറിഗേഷൻ വക കുന്നും കുറ്റിക്കാടുകളും. യാതൊരു വികസനത്തിനും കഴിയാത്തവിധത്തിലുള്ള കുന്ന് പട്ടണത്തിന്റെ വികസനത്തിന് തടസമാണ്. മന്ത്രി കെ.എൻ.ബാലഗോപാൽ കൊട്ടാരക്കരയുടെ വികസനത്തിന് മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്നുണ്ട്. അതിൽ കെ.ഐ.പി വക സ്ഥലങ്ങൾ ഉപയോഗപ്പെടുത്തുന്ന വിധവും ഇടംനേടും. പുലമൺ ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള എം.സി റോഡിന്റെ വലതുവശത്തായാണ് വലിയ പൊക്കമുള്ള കുന്ന്. ഇതിൽ മരങ്ങളും വളർന്ന് പന്തലിച്ചുനിൽക്കുകയാണ്. കുന്നിന്റെ താഴെയായിട്ടാണ് വാഹന പാർക്കിംഗ്. പലപ്പോഴും മണ്ണിടിഞ്ഞുവീണ് അപകടങ്ങളുമുണ്ടായിട്ടുണ്ട്. അടുത്തകാലത്ത് കുറച്ചുഭാഗം കരിങ്കല്ല് അടുക്കി കെട്ടിയതുമാത്രമാണ് മിച്ചം.
ഗാരേജ് മാറ്റി സ്ഥാപിക്കണം
കൊല്ലം- തിരുമംഗലം ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന പ്രധാന കവലയാണ് കൊട്ടാരക്കര. ഇവിടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും സ്വകാര്യ ബസ് സ്റ്റാൻഡുമുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ഗാരേജ് പട്ടണത്തിന്റെ നല്ലൊരുഭാഗം പങ്കിട്ടെടുത്തതും വികസനത്തിന് തടസമാണ്. ഗാരേജ് പട്ടണത്തിരക്കുകളിൽ നിന്ന് മാറ്റി സ്ഥാപിക്കാവുന്നതാണ്. സ്വകാര്യ കച്ചവട സ്ഥാപനങ്ങൾ കഴിഞ്ഞാൽ ബാക്കിയുള്ള പ്രദേശം കെ.ഐ.പി വക കുന്നുംപുറങ്ങളാണ്. കല്ലട ഇറിഗേഷൻ പദ്ധതി വന്നപ്പോൾ ഇവിടുത്തെ ഓഫീസുകളും ക്വാർട്ടേഴ്സുകളുമൊക്കെ പ്രാധാന്യമുള്ളതായിരുന്നു. എന്നാൽ ഇപ്പോൾ മിക്ക കെട്ടിടങ്ങളും അടഞ്ഞുകിടക്കുകയാണ്.
കുന്നിടിച്ച് നിരത്തണം
സർക്കാർ കണക്കിൽ നാലര ഏക്കർ ഭൂമി വെറുതെ കിടന്ന് കാടുമൂടുന്നുണ്ട്. ഇരുപതേക്കർ ഭൂമി കെ.ഐ.പിയുടെ അധീനതയിൽ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. എം.സി റോഡരികിലെ കെ.ഐ.പി വക ഭൂമി പട്ടണ വികസനത്തിനുവേണ്ടി ഏറ്റെടുക്കേണ്ടത് അനിവാര്യതയാണെന്നാണ് പൊതു വിലയിരുത്തൽ. ഇവിടുത്തെ മണ്ണെടുത്ത് മാറ്റിയാൽത്തന്നെ സ്ഥല പരിമിതിയുടെ പ്രശ്നങ്ങൾ മാറും. പുലമൺ ജംഗ്ഷനിൽ മേൽപ്പാലം നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ മേൽപ്പാലം വേണ്ടെന്നും ബൈപ്പാസ് റോഡാണ് വേണ്ടതെന്നും ഇപ്പോൾ ശക്തമായി വാദിക്കാൻ കൂട്ടായ്മ രൂപപ്പെട്ടിട്ടുണ്ട്. എം.സി റോഡിന്റെ വീതികൂട്ടൽ പ്രവർത്തനങ്ങളും ഉടനെയുണ്ടാകുമെന്നാണ് സൂചനകൾ. ആ നിലയിൽ പട്ടണത്തിന്റെ നടുവിലുള്ള കെ.ഐ.പി വക കുന്നിടിച്ച് നിരത്താതെ കാതലായ മാറ്റമുണ്ടാക്കാൻ കഴിയുകയുമില്ല.