കുന്നിക്കോട് : വെട്ടിക്കവലയിലെ കോക്കാട് ഒരു വ്യാപാര കെട്ടിട സമുച്ചയം ജാക്കി വെച്ച് ഉയർത്തി നിർമ്മാണം നടത്തുന്നത് നാട്ടുകാർക്കും കൗതുക കാഴ്ചയാകുകയാണ്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പാറവിളയിൽ ബാലചന്ദ്ര ബാബുവിന്റെ വ്യാപാര സമുച്ചയമാണ് ഉയർത്തിയത്. അശാസ്ത്രീയമായി നിർമ്മിച്ച റോഡിൽ നിന്ന് മഴവെള്ളം ഒഴുകി കടയിൽ കയറി തുടങ്ങിയപ്പോഴാണ് കെട്ടിടം ജാക്കിയിലുയർത്താം എന്ന ആശയം തോന്നിയത്. അതിനായി അസിൽ ബാദ് ഹൗസ് ലിഫ്റ്റിംഗ് എന്ന കമ്പനിയുടെ സഹായവും തേടി.
വെള്ളക്കെട്ടിൽ നിന്ന് രക്ഷ
നൂറിലേറെ ജാക്കിയും തടിക്കഷ്ണങ്ങളും ഇരുമ്പ് ഗഡറുകളും ഉപയോഗിച്ചാണ് ആറ് മുറികളുള്ള കെട്ടിടം രണ്ടര അടി ഉയർത്തിയത്. മൂന്ന് ഘട്ടമായി നടക്കുന്ന നിർമ്മാണത്തിന്റെ രണ്ട് ഘട്ടങ്ങൾ കഴിഞ്ഞു. കെട്ടിടം റോഡ് നിരപ്പിൽ നിന്ന് മൂന്ന് അടി ഉയർത്തിയാൽ വെള്ളക്കെട്ടിൽ നിന്ന് ശാശ്വത പരിഹാരം നേടാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.ഹരിയാന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയുടെ നിർമ്മാണ തൊഴിലാളികൾ ലഖ്നൗ സ്വദേശികളാണ്. ഏറ്റവും ചെലവ് കുറഞ്ഞ നിർമ്മാണ രീതിയും കെട്ടിടത്തിന് പതിനഞ്ച് വർഷത്തെ ഗ്യാരണ്ടിയും നൽകാൻ കഴിയുമെന്ന് നിർമ്മാതാക്കൾ പറഞ്ഞു. 4 ലക്ഷം രൂപ മാത്രമാണ് ചെലവ്. ഒരു അടി ഉയർത്തുന്നതിന് 250 രൂപ. നിർമ്മാണത്തിന് ആവശ്യമായ കട്ടയും സിമന്റും കെട്ടിട ഉടമ സൈറ്റിൽ എത്തിക്കണമെന്ന് മാത്രം.