കൊല്ലം: റൂറൽ വനിതാസെൽ ഇൻസ്‌പെക്ടറായിരുന്ന എ.പി. സുധർമ്മയ്ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഒഫ് ഓണർ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അറുപത്തിമൂന്നുകാരൻ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിനൽകിയത് പരിഗണിച്ചാണ് പുരസ്കാരം.
2019ലാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അറുപത്തിമൂന്നുകാരൻ ലൈംഗികമായി പീഡിപ്പിച്ചതിന് ശൂരനാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിയായിരുന്ന ഹരിശങ്കറാണ് അന്വേഷണ ചുമതല സുധർമ്മയെ ഏൽപ്പിച്ചത്. കുറ്റപത്രത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതി കുറ്റം ചെയ്തതായി ബോദ്ധ്യപ്പെട്ട കരുനാഗപ്പള്ളി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി പല വകുപ്പുകൾ പ്രകാരം ഇരുപത്തിയഞ്ച് വർഷത്തേക്ക് ശിക്ഷിച്ചു.
ജില്ലയിൽ ഒരു വനിതാ പൊലീസ് ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ ലഭിച്ച ആദ്യത്തെ കേസാണിത്. ഇക്കഴിഞ്ഞ മേയിൽ സുധർമ്മ സർവീസിൽ നിന്ന് വിരമിച്ചു. ഭർത്താവ് പി. ധരണീന്ദ്രൻ കൊല്ലം സിറ്റി ക്രൈം ബ്രാഞ്ചിൽ നിന്ന് സബ് ഇൻസ്‌പെക്ടറായിയി 2019ലാണ് വിരമിച്ചത്.