ബോണ്ട് സർവീസിനെതിരായ ആരോപണങ്ങൾ പൂർണമായും തള്ളാതെ കെ.എസ്.ആർ.ടി.സി
കൊല്ലം: കെ.എസ്.ആർ.ടി.സി ബസ് ഓൺ ഡിമാൻഡ് സർവീസുകൾ (ബോണ്ട്) ഇടയ്ക്കുള്ള സ്റ്റോപ്പുകളിൽ നിറുത്തുന്നത് സ്ഥിരം യാത്രക്കാരെ കയറ്റാൻ മാത്രമാണെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ. ഇന്നലെ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച 'ബസ് ഓൺ ഡിമാൻഡ് സർവീസിൽ കെ.എസ്.ആർ.ടി.സി പകൽക്കൊള്ള" എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അധികൃതർ. ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്നുള്ള യാത്രാസൗകര്യത്തിനായാണ് കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസുകൾ തുടങ്ങിയത്.
ഇടയ്ക്ക് നിറുത്താൻ നിർദേശം നൽകിയിട്ടില്ലെങ്കിലും സ്ഥിരം യാത്രക്കാരെ കയറ്റുന്നതിനായാണ് ബസുകൾ നിറുത്തുന്നതെന്നാണ് വിശദീകരണം. യാത്രാസൗകര്യം കുറവായതിനാൽ ഇവർക്ക് സ്റ്റാൻഡിലെത്തി ബസിൽ കയറുന്നതിന് പരിമിതിയുണ്ട്. തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിലെ ജീവനക്കാരാണ് ബോണ്ട് സർവീസിലെ യാത്രക്കാരിൽ കൂടുതലെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.
മെഡിക്കൽ കോളേജ് വരെ അനുവദിച്ചിട്ടുള്ള യാത്രാസമയം 1.15 മണിക്കൂറാണ്. ഗതാഗതത്തിരക്കിനിടയിലും ഒന്നരമണിക്കൂർ മാത്രമാണ് യാത്രയ്ക്കായി ഉപയോഗിക്കുന്നത്. കാര്യമായ സമയനഷ്ടം യാത്രയിൽ ഉണ്ടാകുന്നില്ലെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്.
അധികൃതർ പറയുന്നത്
കൊല്ലം സ്റ്റാൻഡിൽ നിന്ന് കൊട്ടിയം വരെയുള്ള സ്റ്റോപ്പുകളിൽ നിന്ന് സ്ഥിരം യാത്രക്കാരെ കയറ്റുകയും തിരുവനന്തപുരം ഉള്ളൂർ മുതൽ ഇറക്കുകയും ചെയ്യുന്ന തരത്തിലാണ് സർവീസ് ക്രമപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മറ്റ്ചിലയിടങ്ങളിൽ സ്ഥിരം യാത്രക്കാർക്ക് കയറാനായി ബസ് നിറുത്തുന്നുണ്ട്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുമ്പോൾ പാരിപ്പള്ളിയിലും തിരികെ വരുമ്പോൾ കല്ലമ്പലത്തും ബസ് നിറുത്തുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇടയ്ക്ക് ആറ്റിങ്ങലിലും സ്റ്റോപ്പുണ്ട്. ഈ സ്ഥലങ്ങളിൽ നിന്ന് കുറച്ച് യാത്രക്കാർ കയറുന്നുണ്ട്. കെ.എസ്.ആർ.ടി.സി നിർദേശമൊന്നും നൽകിയിട്ടില്ലെങ്കിലും ജീവനക്കാരുടെ വിവേചനാധികാരത്തിലാണ് ഇത്തരത്തിൽ യാത്രക്കാരെ കയറ്റുന്നതെന്നും അധികൃതർ വ്യക്തമാക്കി
സ്ഥിരം യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ബോണ്ട് സർവീസുകൾ ഇടയ്ക്ക് നിറുത്തുന്നത്. ബോണ്ട് സർവീസെന്ന സൂചനാബോർഡ് സ്ഥാപിച്ചാണ് ബസ് ഓടുന്നത്
ആർ. മനേഷ്, ഡി.ടി.ഒ, കൊല്ലം