അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിന്റെ മുഴുവൻ വാർഡുകളിലും ലോ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. 32 ലക്ഷം രൂപ മുടക്കി 29 ലൈറ്റുകളാണ് സ്ഥാപിച്ചത്. ഇതിന്റെ ഉദ്ഘാടനം വിളക്കുപാറയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ചിന്നു വിനോദ് അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷൈൻ ബാബു, ജി. അജിത്, ഗ്രാമപഞ്ചായത്ത് അംഗം ഡോൺ വി. രാജ്, ബ്ലോക്ക് പഞ്ചായത്തംഗം സന്ധ്യാബിന്ദു, ഏരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സൈഫുദ്ദീൻ പൂക്കുട്ടി, യമുനാ സന്തോഷ്, രഞ്ജിനി തുടങ്ങിയവർ സംസാരിച്ചു. കേരളാ സർക്കാരിന്റെ നിലാവ് പദ്ധതിയിലൂടെ പഞ്ചായത്തിൽ പൂർണമായും തെരുവ് വിളക്കുകൾ സ്ഥാപിക്കുമെന്ന് പ്രസിഡന്റ് ടി. അജയൻ പറഞ്ഞു.