photo
പുത്തൂർ- പൂവറ്റൂർ റോഡിൽ കണിയാപൊയ്ക ക്ഷേത്രക്കുളത്തിന്റെ ഭാഗമായ സംരക്ഷണഭിത്തി തകർന്ന നിലയിൽ

പുത്തൂർ: പുത്തൂർ- പൂവറ്റൂർ റോഡിൽ കണിയാപൊയ്ക ക്ഷേത്രക്കുളത്തിന്റെ ഭാഗമായ സംരക്ഷണഭിത്തി തകർന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയ്ക്കൊപ്പമാണ് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് കുളത്തിലേക്ക് തള്ളിയത്. കുളത്തിന് നാലുവശവും കരിങ്കല്ലുകൾ അടുക്കിയുള്ള സംരക്ഷണ ഭിത്തികളുണ്ട്. ഒരു വശം റോഡിനോട് ചേരുന്ന ഭാഗമായതിനാൽ പൊതുമരാമത്ത് വകുപ്പാണ് ഇവിടെ കൽക്കെട്ട് നിർമ്മിച്ചത്. വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ഈ ഭാഗമാണ് ഇടിഞ്ഞു തള്ളിയത്. ഒരു മഴ കൂടി പെയ്താൽ മറിയുന്ന തരത്തിലാണ് ബാക്കി ഭാഗത്തിന്റെ അവസ്ഥ. എപ്പോഴും വാഹനങ്ങൾ കടന്നുപോകുന്ന തിരക്കുള്ള റോഡാണിത്. വളവായതിനാൽ റോഡിന്റെ അരികുചേർന്നാണ് വാഹനങ്ങൾ പോകുന്നത്. അതുകൊണ്ടുതന്നെ അപകടങ്ങൾക്കും സാദ്ധ്യതയുണ്ട്. വലിയ വാഹനങ്ങൾ കടന്നുവരുമ്പോൾ എതിർദിശയിൽ നിന്ന് വരുന്ന വാഹനത്തിന് വശത്തേക്ക് ഒതുക്കാനും ഇടമില്ലാത്ത സ്ഥിതിയാണ്. മണ്ണിടിച്ചിലുണ്ടായി റോഡിന്റെ കൂടുതൽ ഭാഗങ്ങൾ കുളത്തിലേക്ക് ഇറങ്ങാത്ത വിധം സംരക്ഷണമൊരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

അപകട സാദ്ധ്യത

ഭിത്തി തകർന്ന ഭാഗത്ത് പൊലീസ് റിബൺ കെട്ടി അപകട സൂചകമൊരുക്കിയിട്ടുണ്ടെങ്കിലും ഇത് ഫലവത്താകില്ല. രാത്രിയിൽ റിബൺ കാണാനാകില്ല. ശ്രദ്ധ തെറ്റി താഴേക്ക് മറിഞ്ഞാൽ കുളത്തിന്റെ ആഴത്തിലേക്കാണ് പതിക്കുക. മഴ പെയ്താൽ വലിയ തോതിൽ വെള്ളം ഒഴുകി വരുന്ന ഭാഗമാണ്. അതുകൊണ്ടുതന്നെ അടുത്ത മഴ പെയ്താൽ കൂടുതൽ ഭാഗം കുളത്തിലേക്ക് ഇടിഞ്ഞുതള്ളും. പുത്തൂർ- പൂവറ്റൂർ റോഡിലെ ഗതാഗതം തന്നെ നിലച്ചേക്കാം.

45 ലക്ഷം രൂപ ചെലവാകും

സംരക്ഷണ ഭിത്തിയുടെ സ്ഥിതികൾ മന്ത്രി കെ.എൻ.ബാലഗോപാലിനെ ധരിപ്പിച്ചതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഇരുപത് മീറ്റർ നീളത്തിൽ ഇപ്പോൾ തകർന്നിട്ടുണ്ടെന്നും മണൽ ചാക്ക് അടുക്കി താത്കാലിക പരിഹാരമുണ്ടാക്കാമെന്നുമാണ് ഉദ്യോഗസ്ഥർ നൽകിയ വിവരം. ഭിത്തി പൊളിച്ച് പുതുക്കി പണിയുന്നതിന് 45 ലക്ഷം രൂപയുടെ നിർമ്മാണ ചെലവ് വേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കാൻ മന്ത്രി കെ.എൻ.ബാലഗോപാൽ നിർദ്ദേശിച്ചിട്ടുണ്ട്.