ns-
എൻ.എസ്. ആശുപത്രി

കൊല്ലം : സംസ്ഥാനത്തെ ഏറ്റവും മികച്ച സഹകരണ ആശുപത്രിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് തുടർച്ചയായി രണ്ടാം തവണയും എൻ.എസ് സഹകരണ ആശുപത്രിക്ക്. അന്താരാഷ്ട്ര സഹകരണ ദിനത്തിൽ മന്ത്രി വി.എൻ. വാസവനാണ് അവാർഡ് പ്രഖ്യാപിച്ചത്. 2020-21ലെ മികച്ച പ്രവർത്തനം വിലയിരുത്തിയാണ് അവാർഡ്. വൈദ്യസേവനത്തിനുമപ്പുറം മനുഷ്യജീവിതത്തിലെ സർവതലസ്പർശിയായി പ്രവർത്തിക്കാൻ ആശുപത്രിക്ക് കഴിഞ്ഞെന്ന് അവാർഡ്സമിതി വിലയിരുത്തി. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ചെയർമാനും സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹ് കൺവീനറുമായ കമ്മിറ്റിയാണ് അവാർഡ് നിർണയിച്ചത്.
2006ലാണ് ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. 36 ചികിത്സാ വിഭാഗങ്ങളും 500 കിടക്കകളുമുള്ള ആശുപത്രിയിൽ പ്രതിവർഷം ആറ് ലക്ഷത്തിലധികം പേർ ചികിത്സ തേടിയെത്തുന്നുണ്ട്.

മുൻ ലോക്‌സഭാംഗം പി. രാജേന്ദ്രൻ പ്രസിഡന്റും എ. മാധവൻപിള്ള വൈസ് പ്രസിഡന്റുമായ 11 അംഗ ഭരണസമിതിയും സെക്രട്ടറി പി. ഷിബു, മെഡിക്കൽ സൂപ്രണ്ട് ഡോ. ടി.ആർ. ചന്ദ്രമോഹൻ എന്നിവരടങ്ങുന്ന അഡ്മിനിസ്‌ട്രേഷനുമാണ് ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.