ചവറ : ദേശീയപാതയിൽ ചവറ വെറ്റ മുക്കിന് സമീപം കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ 3 പേർക്ക്സാരമായി പരിക്കേറ്റു.
കഴിഞ്ഞദിവസം രാവിലെ 9.30 നായിരുന്നു അപകടം. കൊട്ടിയത്ത് നിന്ന് നിർമ്മാണ തൊഴിലാളികളുമായി കരുനാഗപ്പള്ളിയിലേക്ക് വന്ന ഹോണ്ട കാറും തിരുവനന്തപുരത്തേക്ക് എതിർദിശയിൽ നിന്ന് വന്ന സൂപ്പർ ഫാസ്റ്റുമാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ് . ബസിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാറോടിച്ചിരുന്ന ദേവഹർഷിന് (20) നിസാര പരിക്കേറ്റു. കാറിലുണ്ടായിരുന്ന ദേവഹർഷിന്റെ പിതാവിനും മറ്റ് രണ്ട് അതിഥി തൊഴിലാളികൾക്കുമാണ് സാരമായ പരിക്കുള്ളത്. ചവറ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.