കടയ്ക്കൽ: നിലമേൽ, ചിതറ, കുമ്മിൾ, ഇട്ടിവാ പഞ്ചായത്തുകളിൽ നിന്ന് യു .എ .ഇയിൽ ഉള്ളവരുടെ പ്രവാസി കൂട്ടായ്മയായ കടയ്ക്കൽ പ്രവാസി ഫോറത്തിന്റെ പുതിയ പദ്ധതിയായ പ്രവാസി സാന്ത്വനത്തിന് തുടക്കമായി. തീർത്തും നിർദ്ധനരും മാരകരോഗത്തിന് അടിമപ്പെട്ടവരുമായവർക്ക് എല്ലാ മാസവും സൗജന്യമായി മരുന്നുകൾ അവരുടെ വീടുകളിൽ എത്തിക്കുന്നതാണ് ഈ പദ്ധതി. വിവിധ പ്രദേശങ്ങളിൽ നിന്ന് ലഭിച്ച അപേക്ഷകളിൽ നിന്നാണ് അർഹരായവരെ തിരഞ്ഞെടുത്തത്. കടയ്ക്കൽ അറഫാ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ കോമ്പൗണ്ടിൽ കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ എൻ. കെ. പ്രേമചന്ദ്രൻ എം .പി പദ്ധതി ഉദ്ഘാടനം ചെയ്തു.
കടയ്ക്കൽ പ്രവാസി ഫോറം വൈസ് പ്രസിഡന്റ് ബുനൈസ് കാസിം ആമുഖ ഭാഷണവും സ്ഥാപകാംഗം കടയ്ക്കൽ ജുനൈദ് നയ വിശദീകരണവും നടത്തി. ഈയ്യക്കോട് എൽ.പി സ്കൂളിൽ ഓൺലൈൻ പഠനത്തിന് നിർദ്ധനരായ കുട്ടികൾക്ക് നൽകുന്ന മൊബൈൽഫോണുകളുടെ വിതരണം കുമ്മിൾ പഞ്ചായത്ത് മെമ്പർ എ. എം. ഇർഷാദ്, അറഫ ഹോസ്പിറ്റൽ എം.ഡി ഡോ. അൻസാരി എന്നിവരും സന്നദ്ധ സംഘടനകൾക്കുള്ള ഓക്സിമീറ്ററുകളുടെ വിതരണം രക്ഷാധികാരി തേരിയിൽ സലീം,കടയ്ക്കൽ ഷിബു എന്നിവരും നിർവഹിച്ചു.