navas
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ടാങ്കറിൽ കുടിവെള്ളം വിതരണം ചെയ്യുന്നു.

ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലടയിൽ കുടിവെള്ള ക്ഷാമം രൂക്ഷം. ഐത്തോട്ടുവ കിഴക്ക് ,ഐത്തോട്ടുവ പടിഞ്ഞാറ് ,​ കോതപുരം വാർഡിന്റെ ചില മേഖലകളിലാണ് കഴിഞ്ഞ മൂന്നു ദിവസമായി കുടിവെള്ളം മുടങ്ങിയത്. പ്രദേശത്തെ കിണറുകളിൽ ഓരു ജലമായതിനാൽ കുടിവെള്ളത്തിനായി പൈപ്പ് ജലത്തെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്.കിഫ്ബി പദ്ധതിയിൽ നിർമ്മാണം നടക്കുന്ന റോഡിൽ വളഞ്ഞവരമ്പ് ലക്ഷം വീട് കോളനിക്ക് മുമ്പിൽ റോഡിന്റെ ഉയരം കുറയ്ക്കുന്നതിന്റെ ഭാഗമായി ജെ.സി.ബി ഉപയോഗിച്ച് മണ്ണുമാറ്റുന്നതിനിടെ പൈപ്പ് ലൈൻ തകരാറായതാണ് കുടിവെള്ള പ്രശ്നത്തിന് കാരണം.

ടാങ്കറുകളിൽ കുടിവെള്ള വിതരണം

കുടിവെള്ള പൈപ്പ് മാറ്റുന്നത് സംബന്ധിച്ച പൊതുമരാമത്ത് വകുപ്പും ജല അതോറിറ്റിയും തമ്മിലുള്ള തർക്കമാണ് പൈപ്പ് മാറ്റുന്നത് വൈകിപ്പിച്ചത്. രണ്ട് വാർഡുകളിലെ നൂറു കണക്കിന് കുടുംബങ്ങൾ മൂന്ന് ദിവസമായി കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടിലായിട്ടും ജല അതോറിറ്റി അധികൃതർ പകരം സംവിധാനം ഒരുക്കാൻ തയ്യാറാകാത്തതിനാൽ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ടാങ്കറുകളിൽ കുടിവെള്ളം വിതരണം ആരംഭിച്ചു.

കുടിവെള്ളം മുടങ്ങും

ജല ശുദ്ധീകരണ ശാലയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി ജലവിതരണം മുടങ്ങിയ പ്രദേശത്ത് അടുത്ത രണ്ട് ദിവസം കൂടി ജലവിതരണം മുടങ്ങുന്നത് കടുത്ത പ്രതിസന്ധിയുണ്ടാക്കും. റോഡ് നിർമ്മാണം പൂർത്തിയാകാതെ പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതും പ്രതിസന്ധിയുണ്ടാക്കും


തകരാറിലായ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്

റോയി തോമസ് അസിസ്റ്റന്റ് എക്സിക്യുട്ടീവ്

എൻജിനിയർ,​ വാട്ടർ അതോറിറ്റി ശാസ്താംകോട്ട


"പടിഞ്ഞാറെ കല്ലടയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് പ്രത്യേക കുടിവെള്ള പദ്ധതി വേണം. ഐത്തോട്ടുവ മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് പഞ്ചായത്ത് അടിയന്തരമായി ഇടപെടണം"

കല്ലട നിഥിൻ കുമാർ യൂത്ത് കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ്


"കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്ത് പഞ്ചായത്ത് ടാങ്കറിൽ കുടിവെള്ളമെത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് .കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പദ്ധതി തയ്യാറാക്കി ജലവിഭവ മന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്.

ഡോ.സി. ഉണ്ണികൃഷ്ണൻ പടി: കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്