ശാസ്താംകോട്ട: പരീക്ഷയ്ക്ക് എത്താൻ വാഹനം കിട്ടാതെ ബുദ്ധിമുട്ടിയ പ്ലസ് ടു വിദ്യാർത്ഥികളെ സ്വന്തം കാറിൽ സ്കൂളിലെത്തിച്ച വനിത എസ്.ഐ നവ മാദ്ധ്യമങ്ങളിൽ താരമാകുന്നു. ശൂരനാട് പൊലീസ് സ്റ്റേഷനിലെ വനിത എസ്.ഐ മഞ്ജു വി. നായരാണ് വിദ്യാർത്ഥികളുടെ സഹായത്തിനെത്തിയത്. ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ ഇജാസ് ,അഭിരാം എന്നിവരെയാണ് എസ്.ഐ സ്വന്തം കാറിൽ സ്കൂളിലെത്തിച്ചത്. പ്രാക്ടിക്കൽ പരീക്ഷയ്ക്ക് എത്തുവാൻ താമരക്കുളം ജംഗ്ഷനിൽ വാഹനം കാത്തു നിന്ന് കിട്ടാതെ മറ്റു മാർഗമില്ലാതെ റോഡിലൂടെ ഓടാൻ തുടങ്ങിയ വിദ്യാർത്ഥികൾക്ക് മുന്നിലേക്കാണ് വനിതാ എസ്.ഐ എത്തിയത്. യാത്രയ്ക്കിടെ പകർത്തിയ ചിത്രത്തോടൊപ്പം അനുഭവം പങ്കുവച്ച് ഇജാസ് ഫേസ് ബുക്കിലിട്ട പോസ്റ്റ് വൈറലായതോടെ വനിതാ എസ്.ഐയ്ക്ക് അഭിനന്ദളുമെത്തി. നേരിലും ഫോണിലും നിരവധിയാളുകൾ വിളിച്ചതായി മഞ്ജു.വി.നായർ പറഞ്ഞു. തിരക്കുകൾക്കിടയിലും വിദ്യാർത്ഥികളെ സമയത്ത് സ്കൂളിലെത്തിച്ച വനിത എസ്.ഐ സ്കൂൾ പി.ടി.എ കമ്മിറ്റിയും അഭിനന്ദിച്ചു.