v
കരിയിലക്കൂട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട് മരിച്ച നവജാതശിശു

ഊഴായ്ക്കോട് സംഭവ പരമ്പര അവസാനിച്ചോ ?

ചാത്തന്നൂർ: പലരും രഹസ്യമായി പരസ്പരം പറഞ്ഞിരുന്നതാണ് പൊലീസ് ഇന്നലെ തെളിവുകളുടെ അടിസ്ഥാനത്തിൽ പരസ്യമായി വെളിപ്പെടുത്തിയത്. ആര്യയുടെയും ഗ്രീഷ്മയുടെയും കളി ഒടുവിൽ കാര്യമായി. അത് ആദ്യം ഒരു പിഞ്ചു ജീവനെടുത്തു. സംഭവങ്ങളുടെ ചുരുൾ നിവർന്നതോടെ എല്ലാം കൈവിട്ട് പോയെന്ന് ആര്യയ്ക്കും ഗ്രീഷ്മയ്ക്കും ബോദ്ധ്യമായി. നിയമത്തിനും നാട്ടുകാർക്കും മുന്നിൽ കൈവിലങ്ങണിഞ്ഞ് നിൽക്കാനുള്ള ധൈര്യമില്ലാതെയാണ് ഇരുവരും ജീവനൊടുക്കിയത്.

ഓരോ ദിവസവും ദുരൂഹതയും അവിശ്വസനീയതയും നിറച്ച ഊഴായ്ക്കോട് സംഭവ പരമ്പരകൾക്ക് ഇപ്പോഴുണ്ടായത് ഒരു അർദ്ധവിരാമം മാത്രമായിരിക്കാം. രേഷ്മ അറസ്റ്റിലായപ്പോൾ എല്ലാ അവസാനിച്ചെന്ന് കരുതിയതാണ്. പിന്നാലെ ഒരു ഫേസ്ബുക്ക് കാമുകന്റെ കഥ വന്നു. ദിവസങ്ങൾക്കകം ഗ്രീഷ്മയും ആര്യയും ആത്മഹത്യ ചെയ്തു. ഇപ്പോൾ ഇവർ ഇരുവരുമാണ് ഫേസ്ബുക്ക് കാമുകന് പിന്നിലെന്ന് സ്ഥിരീകരിക്കപ്പെടുന്നു. പക്ഷേ കുഞ്ഞിനെ കൊല്ലാൻ ഇവർ ആവശ്യപ്പെട്ടോയെന്ന് വ്യക്തമല്ല.

എല്ലാം സംശയാസ്പദം

രേഷ്മയെ വിശദമായി ഇനിയും ചോദ്യം ചെയ്തിട്ടില്ല. രേഷ്മ ഗർഭിണിയായിരുന്ന വിവരം വീട്ടുകാർ ആരും അറിഞ്ഞില്ലെന്ന വാദത്തിൽ അവിശ്വസനീയതയുണ്ട്. ഒരു തവണ പോലും നേരിൽ സംസാരിച്ചിട്ടില്ല കാമുകനൊപ്പം ജീവിക്കാൻ കുഞ്ഞിനെ ഉപേക്ഷിച്ച രേഷ്മയുടെ ദിവ്യപ്രണയവും സംശയാസ്പദമാണ്. ഒന്നിലധികം പേരുമായി രേഷ്മ ഫോണിൽ ബന്ധം പുലർത്തിയിരുന്നുവെന്ന് അന്വേഷണ സംഘം നേരത്തേതന്നെ വെളിപ്പെടുത്തിയിരുന്നു. യഥാർത്ഥ കാമുകനെ മറയ്ക്കാനാണ് രേഷ്മ അനന്തുവെന്ന കാമുകന്റെ കഥ പറഞ്ഞതെങ്കിൽ ഊഴായ്ക്കോട് കേസ് ഇവിടെ അവസാനിക്കില്ല.

പ്രതികളാകുമെങ്കിലും കുറ്റപത്രമില്ല

ആത്മഹത്യ ചെയ്ത ആര്യയും ഗ്രീഷ്മയും നവജാത ശിശുവിനെ ഉപേക്ഷിച്ച കേസിൽ പ്രതിചേർക്കപ്പെടുമെങ്കിലും ജീവിച്ചിരിപ്പില്ലാത്തതിനാൽ കുറ്റപത്രം സമർപ്പിക്കില്ല. ഇരുവർക്കുമെതിരെ പ്രേരണാക്കുറ്റമാകും ചുമത്തുക. ഇരുവരും മരിച്ചുപോയത് കുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ ശിക്ഷയിൽ നിന്ന് ഇളവ് കിട്ടാൻ രേഷ്മയ്ക്ക് സഹായകരമാകില്ലെന്നും നിയമവൃത്തങ്ങൾ പറയുന്നു. വിവരങ്ങൾ പുറത്ത് വിട്ടത് സ്ഥലം മാറും മുൻപ് ഊാഴായ്ക്കോട് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ചാത്തന്നൂർ എ.സി.പിക്കും അന്വേഷണ ഉദ്യോഗസ്ഥനായ പാരിപ്പള്ളി സി.ഐയും നിർണായക വിവരങ്ങൾ പുറത്തുവിട്ടത് സ്ഥലംമാറിപ്പോകുന്നതിന് മുൻപ്. രണ്ട് നിർണായക മൊഴികളുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യ ചെയ്ത യുവതികളാണ് അനന്തുവെന്ന വ്യാജ അക്കൗണ്ടിന്ന് പിന്നിലെന്ന് സ്ഥിരീകരിച്ച് വിവരം പുറത്ത് വിട്ടത്.

അന്വേഷണം അവസാനിച്ചിട്ടില്ലെന്ന് പൊലീസ്

കൊല്ലം: ഊഴായ്ക്കാട് സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിച്ചിട്ടില്ലെന്ന് പാരിപ്പള്ളി സി.ഐ പറഞ്ഞു. അനന്തു എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആര്യയും ഗ്രീഷ്മയും രേഷ്മയുമായി ചാറ്റ് ചെയ്തതിന്റെ രേഖാമൂലമുള്ള തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകൾ രേഷ്മ, ആര്യ, ഗ്രീഷ്മ എന്നിവരുടെ ഫോണുകളിൽ നിന്നുമാണ് പ്രധാനമായും കിട്ടേണ്ടത്. ഫേസ്ബുക്കിനോട് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ആര്യയും ഗ്രീഷ്മയും അനന്തുവെന്ന വ്യാജേനെ ചാറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ കുഞ്ഞിനെ കൊല്ലാൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അമലും ഗിരിജയും നൽകിയ മൊഴി. കുഞ്ഞിനെ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട കാമുകൻ മറ്റാരെങ്കിലുമാണോയെന്ന സംശയവും പൊലീസ് തള്ളിക്കളയുന്നില്ല. പരസ്പരം ബന്ധമില്ലാത്ത ആളുകളായതിനാലാണ് അമലിന്റെയും ഗിരിജയുടെയും സമാനമായ മൊഴികൾ പൊലീസ് കൂടുതൽ വിശ്വാസത്തിലെടുത്തത്.

രേഷ്മയുടെ മൊഴി

ഭർത്താവിൽ നിന്ന് കിട്ടുന്നതിനെക്കാൾ സ്നേഹവും കരുതലും അനന്തു എന്ന ഫേസ്ബുക്ക് ഫ്രണ്ടിൽ നിന്ന് ലഭിക്കുന്നു. അനന്തുവിനൊപ്പം ഒരു ദിവസമെങ്കിലും ജീവിക്കണമെന്നാണ് ആഗ്രഹം. ഒരു ദിവസം അനന്തുവിനെ കാണാൻ പോയപ്പോൾ ഭർത്താവിന്റെ കൂട്ടുകാരൻ കണ്ടു. അങ്ങനെ മടങ്ങി വരുകയായിരുന്നു.