കൊല്ലം: ചിന്നക്കടയിൽ മൊബൈൽ ഷോപ്പിന്റെ ഷട്ടർ തകർത്ത് മൂന്നംഗസംഘം കവർച്ച നടത്തി. മെയിൻറോഡിനെയും പായിക്കട റോഡിനെയും ബന്ധിപ്പിക്കുന്ന ഇടറോഡിൽ പ്രവർത്തിക്കുന്ന ന്യൂ എസ്.എൻ മൊബൈൽസിലായിരുന്നു മോഷണം. ഇവിടെ നിന്ന് 10000 രൂപയും സർവീസിന് ഏൽപ്പിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകളും നഷ്ടമായി.
പൊലീസ് സംഘം പുലർച്ചെ 2.30ന് മെയിൻ റോഡ് വഴി പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇടറോഡിലെ കടയിൽ വെളിച്ചംകണ്ടത്. ജീപ്പ് നിറുത്തിയപ്പോൾ സ്ഥലത്ത് ഒരു ബൈക്കുണ്ടായിരുന്നു. വെളിച്ചം കണ്ട കടയ്ക്കടുത്ത് എത്തിയപ്പോൾ ഷട്ടർ തുറന്ന് കിടക്കുകയായിരുന്നു. അപ്പോഴേക്കും മോഷ്ടാക്കൾ കടന്നുകളഞ്ഞിരുന്നു.
കടയിലുണ്ടായിരുന്ന പുതിയ മൊബൈലും കുറച്ചധികം പണവും ഉടമ രാത്രി വീട്ടിൽ കൊണ്ടുപോയിരുന്നു. മൊബൈലിന്റെ വിവിധ ഭാഗങ്ങൾ വിറ്റ വകയിലുള്ള തുകയാണ് മോഷ്ടാക്കൾ കവർന്നത്. പൊലീസ് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ പിടികൂടുമെന്നും കൊല്ലം ഈസ്റ്റ് എസ്.എച്ച്.ഒ പറഞ്ഞു.
കവർച്ചയ്ക്കെത്തിയത് മോഷ്ടിച്ച ബൈക്കിൽ
ജില്ലാ ആശുപത്രിയിൽ നിന്ന് മോഷ്ടിച്ച ബൈക്കിലാണ് മൂന്നംഗ സംഘം മോഷണത്തിനെത്തിയത്. അപകടത്തിൽ പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ നാല് ദിവസം മുൻപ് ചികിത്സയ്ക്കെത്തിയ വെള്ളിമൺ സ്വദേശിയുടേതാണ് ബൈക്ക്. ചികിത്സയ്ക്ക് ശേഷം വെള്ളിമൺ സ്വദേശി മറ്റൊരു വാഹനത്തിൽ മടങ്ങിയിരുന്നു. ബൈക്കിന്റെ ഉടമയെ പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് മോഷണം പോയ വിവരം അദ്ദേഹം അറിയുന്നത്.
പരവൂരിലെ മോഷണ ശ്രമം പാളി, കൊല്ലത്തേക്ക് പാഞ്ഞു
പരവൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള മൊബൈൽ കടയിലാണ് മൂന്നംഗസംഘം ആദ്യമെത്തിയത്. മൊബൈൽ വഴി സി.സി ടി.വി കാമറ പരിശോധിച്ച് കൊണ്ടിരുന്ന ഉടമ ആരോ ഷട്ടർ തകർക്കാൻ ശ്രമിക്കുന്നതായി കണ്ടു. ഉടൻ തന്നെ ഉടമ ബൈക്കെടുത്ത് സ്ഥലത്തെത്തി. വാഹനത്തിന്റെ വെളിച്ചം കണ്ടതോടെ ഇവർ സംഘം ഓടിരക്ഷപ്പെട്ടു. അവിടെ നിന്ന് തീരദേശ റോഡ് വഴിയാണ് കൊല്ലത്തെത്തിയതെന്ന് സംശയിക്കുന്നു.