ഓച്ചിറ: അദ്ധ്യാപക സംഘടയായ കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'കുട്ടിക്കൊരു വീട്' പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപന കർമ്മം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. ഓച്ചിറ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥി പായിക്കുഴി സ്വദേശി നിഥിൻ മോഹനനാണ് വീട് ലഭിക്കുന്നത്. നിഥിന്റെ അഞ്ചാം വയസിൽ കിഡ്നി രോഗം ബാധിച്ച് അച്ഛൻ മോഹൻ മരണമടഞ്ഞു. ഭീമമായ ചികിത്സാ ചെലവ് കാരണം ഭൂമി നഷ്ടപ്പെട്ട് വാടകവീട്ടിലാണ് നിഥിനും അമ്മയും താമസിക്കുന്നത്. പഠനത്തിൽ മികവ് പുലർത്തുന്ന നിഥിൻ ഒരു ചിത്രകാരൻ കൂടിയാണ്. എട്ട് ലക്ഷം രൂപ ചെലവിൽ 600 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമ്മിക്കുന്നത്. ബന്ധുക്കളുടെ സഹായത്തോടുകൂടി വാങ്ങിയ അഞ്ച് സെന്റ് വസ്തുവിലാണ് വീട് നിർമ്മിക്കുന്നത്. വീടിന്റെ തക്കോൽദാനം നവംബർ 1 ന് നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് സന്തോഷ്കുമാർ, സെക്രട്ടറി ജി.കെ ഹരികുമാർ, നേതാക്കളായ സൂസൻകോടി, പി.ആർ വസന്തൻ, പി.ബി സത്യദേവൻ, എൻ. അനിൽകുമാർ, സുരേഷ് നാറാത്ത്, എൻസൈൻ കബീർ തുടങ്ങിയവർ പങ്കെടുത്തു.