പുനലൂർ: ഇടമൺ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിദ്യാതരംഗിണി വായ്പ പദ്ധതിക്ക് തുടക്കമായി. വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോൺ വാങ്ങുന്നതിനായി ബാങ്കിന്റെ നേതൃത്വത്തിൽ 10,000രൂപ വരെ പലിശ രഹിത വായ്പ നൽകുന്ന പദ്ധതിക്കാണ് തുടക്കംക്കുറിച്ചത്. ബാങ്കിന്റെ പ്രവർത്തന പരിധിയിലെ അർഹരായ വിദ്യാർത്ഥികൾ സ്കൂൾ മേലധികാരികൾ സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം അപേക്ഷ നൽകണം. 24തുല്ല്യ ഗഡുക്കളായി തുക തിരിച്ചടക്കണം. ബാങ്ക് ഹാളിൽ ചേർന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം പി.എസ്.സുപാൽ എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കോമളകുമാർ, വാർഡ് അംഗം വിജയശ്രീ ബാബു, മുൻ ബാങ്ക് പ്രസിഡന്റ് ഇ.ഷംസുദ്ദീൻ, ബാങ്ക് സെക്രട്ടറി എസ്.അജിത്ത് തുടങ്ങിയവർ സംസാരിച്ചു.