കൊല്ലം: എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവന്റെ വീടിന് മുന്നിൽ ഒരു വിഭാഗമാളുകൾ കഴിഞ്ഞ ദിവസം നടത്തിയ സമരം ദുരുദ്ദേശപരമാണെന്ന് ജില്ലയിലെ എസ്.എൻ.ഡി.പി യോഗം യൂണിയൻ ഭാരവാഹികളുടെ സംയുക്തയോഗം ആരോപിച്ചു. ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന യോഗം വിരുദ്ധരെ തുറന്ന് കാട്ടുന്നതിനൊപ്പം ഗൂഢാലോചന പുറത്ത് കൊണ്ടുവരുമെന്നും സംയുക്തയോഗം വ്യക്തമാക്കി.
ശങ്കേഴ്സ് ആശുപത്രിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടവരുടെ പേരിലായിരുന്നു സമരം. എന്നാൽ സമരം നടത്തിയവർക്ക് ആശുപത്രിയിലെ തൊഴിലാളി യൂണിയനുകളുമായി യാതൊരു ബന്ധവുമില്ല. എസ്.എൻ ട്രസ്റ്റിന്റെയും യോഗത്തിന്റെയും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നേതൃത്വത്തിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചുള്ള സമരങ്ങളും നുണ പ്രചാരണങ്ങളും പതിവാണ്. ഇപ്പോഴത്തെ സമരത്തിന് പിന്നിലും യോഗം നേതാക്കൾക്കെതിരായ ഗൂഢാലോചനയാണ്. നേരത്തെ നിഴൽ സമരങ്ങൾ നടത്തിയവർ ഇപ്പോൾ ചില വർഗീയ സംഘടനകളെ കൂട്ടുപിടിച്ചിരിക്കുകയാണ്. ആശുപത്രിയുമായി ഒരു ബന്ധവുമില്ലാത്ത കുറച്ചധികമാളുകളെ വർഗീയ സംഘടനാ നേതാക്കൾ വാഹനങ്ങളിലെത്തിച്ചാണ് സമരം നടത്തിയത്. മെച്ചപ്പെട്ട സൗകര്യങ്ങളോടെ ചികിത്സാ രംഗത്ത് മുന്നേറുന്ന ശങ്കേഴ്സിനെ തകർക്കുകയെന്ന ലക്ഷ്യവും ഇവർക്കുണ്ട്. ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവനും യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു. യോഗത്തിനെതിരെ ഗൂഢാലോചന നടത്തുന്നവർക്കെതിരെ ശക്തമായ സമരം ആരംഭിക്കാനും തീരുമാനിച്ചു.
ഓൺലൈനായി ചേർന്ന യോഗത്തിൽ യോഗം കൗൺസിലർ പി. സുന്ദരൻ അദ്ധ്യക്ഷനായി. കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്, യോഗം അസിസ്റ്റന്റ് വനജ വിദ്യാധരൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ, പ്രസിഡന്റ് കെ. സുശീലൻ, ചവറ യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ, ചാത്തന്നൂർ യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ, കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ, സെക്രട്ടറി ഡോ. പി. കമലാസനൻ, കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി അഡ്വ. പി. അരുൾ, കടയ്ക്കൽ യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ്, പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ, സെക്രട്ടറി ആർ. ഹരിദാസൻ, പത്തനാപുരം യൂണിയൻ പ്രസിഡന്റ് ആദംകോട് ഷാജി, സെക്രട്ടറി ബി. ബിജു, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവും ശങ്കേഴ്സ് ആശുപത്രി അഡ്ഹോക് കമ്മിറ്റി അംഗവുമായ അനിൽ മുത്തോടം എന്നിവർ സംസാരിച്ചു. കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ സ്വാഗതവും ചവറ യൂണിയൻ സെക്രട്ടറി അനീഷ് കാരയിൽ നന്ദിയും പറഞ്ഞു.