അഞ്ചൽ: കലാകാരുടെ ദേശീയ സംഘടനയായ സംഘകലാവേദിയുടെ നേതൃത്വത്തിൽ കേരളത്തിലെ അവശത അനുഭവിക്കുന്ന കലാകാരന്മാർക്ക് കൈത്താങ്ങായി കാരുണ്യ വാഹന യാത്ര സംഘടിപ്പിക്കുന്നു. ഭക്ഷ്യക്കിറ്റും കുട്ടികൾക്കുള്ള പഠനോപകരണങ്ങളും കൊവിഡ് സുരക്ഷാ ഉപകരണങ്ങളുമായി 7 ന് ജില്ലയിൽ പര്യടനം നടത്തും. 11 മണിക്ക് അഞ്ചൽ പഞ്ചായത്ത് പൊതു സമ്മേളന വേദിയിൽ നടക്കുന്ന ചടങ്ങ് ദേശീയ ചെയർമാനും സംവിധായകനുമായ രാജസേനൻ ഉദ്ഘാടനം ചെയ്യും. സംഘകലാവേദി ദേശീയ ജനറൽ സെക്രട്ടറി ഡോ.നൂറനാട് ഷാജഹാൻ, സംസ്ഥാന ഐ.ടി മീഡിയ സെക്രട്ടറി രമേഷ് ഗോപാൽ, കൊല്ലം ജില്ലാ രക്ഷാധികാരി തപസ്യ മധു, പ്രസിഡന്റ് സുരേഷ് കുണ്ടറ, ജില്ലാ കോ-ഓഡിനേറ്ററും കാഥികനുമായ അഞ്ചൽ ഗോപൻ തുടങ്ങിയവർ നേതൃത്വം നൽകും. കിഴക്കൻ മേഖലയിലെ വിവിധ യൂണിറ്റുകൾക്ക് വേണ്ടി സെക്രട്ടറിമാർ കിറ്റുകൾ ഏറ്റുവാങ്ങും. ജില്ലയിൽ ആയിരത്തിലേറെ കുടുംബങ്ങൾക്കാണ് വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ സഹായം എത്തിക്കുന്നത്. സംസ്ഥാനത്താകമാനം ഇരുപതിനായിരത്തോളം കലാകാർക്ക് സഹായം ലഭ്യമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.