photo
കോട്ടാത്തല ജംഗ്ഷനിലെ കൽമണ്ഡപം പ്ളാസ്റ്റിക് ഷീറ്റ് വിരിച്ച നിലയിൽ

കൊല്ലം: പഴമയുടെ അടയാളമായ കോട്ടാത്തലയിലെ മണ്ഡപം തകർച്ചയിൽ. മേൽക്കൂര തകർന്ന മണ്ഡപം ഓരോ ദിനം പിന്നിടുമ്പോഴും കൂടുതൽ ദുരിതത്തിലേക്ക് നീങ്ങുകയാണ്. പ്ളാസ്റ്റിക് ഷീറ്റ് വിരിച്ചാണ് മഴ നനയാത്തവിധം തട്ടിക്കൂട്ട് സംവിധാനമൊരുക്കിയത്. ഇത് വേണ്ടത്ര ഗുണം ചെയ്യുന്നുമില്ല. മേൽക്കൂരയിലെ തടികളെല്ലാം മഴവെള്ളം വീണ് നശിക്കുകയാണ്.

നടപടിയെടുക്കാതെ അധികൃതർ

കൊട്ടാരക്കര- പുത്തൂർ റോഡിന്റെ അരികിലായിട്ടാണ് മണ്ഡപം സ്ഥിതി ചെയ്യുന്നത്. ഇതോട് ചേർന്നാണ് ജനത വായനശാലയും. സാംസ്കാരിക പരിപാടികളും രാഷ്ട്രീയ പരിപാടികളുമൊക്കെ നടക്കുന്നത് വായനശാല മുറ്റത്താണ്. എന്നാൽ വായനശാല കെട്ടിടത്തിന്റെ ജീർണാവസ്ഥയ്ക്കും ഇതുവരെ പരിഹാരമായിട്ടില്ല. വായനശാല മുറ്റത്തായി പടർന്നുപന്തലിച്ച് തണൽ വിരിച്ചിരുന്ന ആൽമരം മാസങ്ങൾക്ക് മുൻപ് കടപുഴകി. ഇതിന്റെ ചില്ലകൾ വീണാണ് മണ്ഡപത്തിന് തകരാറുണ്ടായത്. തൊട്ടടുത്ത ദിവസംതന്നെ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ വന്നുപോയെന്നല്ലാതെ തുടർ നടപടികളുണ്ടായില്ല. മൈലം ഗ്രാമപഞ്ചായത്തും മണ്ഡപത്തിന്റെ കാര്യത്തിൽ പുറംതിരിഞ്ഞുനിൽക്കുകയാണ്.

പൊതുസമൂഹം ഉണരട്ടെ

കോട്ടാത്തലയുടെ പൈതൃക സ്വത്തായ മണ്ഡപം സംരക്ഷിക്കുന്ന കാര്യത്തിൽ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായി നിൽക്കുമ്പോൾ പൊതുസമൂഹം ഉണരേണ്ടതുണ്ട്. സംഘടനകൾക്കും വ്യക്തികൾക്കുമൊക്കെ മണ്ഡപത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി മനോഹരമാക്കാവുന്നതുമാണ്. ഇനിയും വൈകിയാൽ മേൽക്കൂര നിലംപൊത്തുന്ന സ്ഥിതിയുണ്ടാകും.

ചരിത്ര ശേഷിപ്പ്

മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്ത് നിർമ്മിച്ചതാണ് കോട്ടാത്തലയിലെ കൽമണ്ഡപം. പാരമ്പര്യത്തിന്റെ നിർമ്മാണ വൈദഗ്ധ്യം വിളിച്ചോതുന്ന മണ്ഡപം കരിങ്കല്ലിലാണ് നിർമ്മിച്ചത്. അടിസ്ഥാനവും തൂണുകളും മാത്രമല്ല, മുകളിൽ ഉത്തരമായി സ്ഥാപിച്ചിരിക്കുന്നതും കരിങ്കല്ലാണ്. മണ്ഡപത്തിന്റെ നാല് തൂണുകളിലും രാജാവിനെയും രാജ്ഞിയെയും ഗണപതിയെയും മഹാലക്ഷ്മിയെയും കൊത്തിയൊരുക്കിയിട്ടുണ്ട്. മേൽക്കൂരയിൽ ഓട് പാകിയതാണ്. നാട്ടുകൂട്ടം കൂടിയിരുന്നതും ഈ കൽമണ്ഡപത്തിലാണെന്ന് പറയപ്പെടുന്നു. വഴിയാത്രക്കാർക്ക് ചുമടിറക്കിവയ്ക്കാൻ ചുമടുതാങ്ങിയും ഉണ്ടായിരുന്നത് മറിഞ്ഞുകിടപ്പുണ്ട്. സംരക്ഷണമില്ലാതെ മണ്ഡപം പൂർണമായും നശിക്കുമോയെന്ന ആശങ്കയുമുണ്ട്.