നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു
ചാത്തന്നൂർ : ജനസംഖ്യ ഒരുലക്ഷത്തോട് അടുക്കുന്ന കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിൽ ഒരു പ്രാഥമികാരോഗ്യകേന്ദ്രംകൂടി വേണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. കൊവിഡിന് മുൻപുതന്നെ പാരിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നാനൂറോളം രോഗികളാണ് നിത്യേനെ എത്തിയിരുന്നത്. പനിക്കാലമാകുമ്പോഴേയ്ക്ക് ഇത് അഞ്ഞൂറ് കവിഞ്ഞിരുന്നു. കല്ലുവാതുക്കൽ ആസ്ഥാനമാക്കി പുതിയൊരു പ്രാഥമികാരോഗ്യകേന്ദ്രംകൂടി വേണമെന്ന് ആവശ്യപ്പെട്ട് കല്ലുവാതുക്കൽ പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി സംസ്ഥാനസർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്താണിത്. 23 വാർഡുകളുണ്ട്. 2011ലെ സെൻസസ് പ്രകാരം എഴുപതിനായിരത്തിലേറെയാണ് ജനസംഖ്യയെങ്കിലും യഥാർത്ഥ ജനസംഖ്യ ഇപ്പോൾ ഒരു ലക്ഷത്തോളം വരും. ഈ നിലയ്ക്ക് പാരിപ്പള്ളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രം മതിയാകാത്ത സാഹചര്യമാണുള്ളത്.
ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്
ഒരു പഞ്ചായത്തിൽ ഒരു പ്രാഥമികാരോഗ്യ കേന്ദ്രം എന്ന നയത്തിനു പുറമേ കല്ലുവാതുക്കൽ പഞ്ചായത്ത് ഉൾപ്പെടുന്ന ഇത്തിക്കര ബ്ലോക്കിൽ ഒരു ഗവ. മെഡിക്കൽ കോളേജും താലൂക്ക് ആശുപത്രിയും പ്രവർത്തിക്കുന്നതിനാൽ പഞ്ചായത്തിന്റെ ആവശ്യം സാധിക്കാൻ സാദ്ധ്യതയില്ലെന്നാണ് സൂചന. നിലവിലെ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തപ്പെടുകയോ കല്ലുവാതുക്കൽ പഞ്ചായത്ത് വിഭജിക്കപ്പെടുകയോ ചെയ്താൽ മാത്രമേ പുതുതായി പ്രാഥമികാരോഗ്യകേന്ദ്രത്തിന് സാദ്ധ്യതയുള്ളൂ എന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.
സബ്സെന്റർ പ്രാഥമികാരോഗ്യ കേന്ദ്രമാക്കണം
ദേശീയആരോഗ്യ വിഭാഗം കല്ലുവാതുക്കലിൽ അനുവദിച്ച സബ്സെന്റർ പ്രാഥമികാരോഗ്യകേന്ദ്രമാക്കി ഉയർത്തിയാൽ പ്രതിസന്ധി പരിഹരിക്കാനാകും. 37.5 ലക്ഷം രൂപയാണ് കേന്ദ്രം അനുവദിച്ചത്. കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിനൊപ്പം സമീപത്തുള്ള റവന്യൂ പുറമ്പോക്ക് ഭൂമി ഇതിനായി ഏറ്റെടുക്കാവുന്നതാണ്.
പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജുല ക്ഷ്മണൻ