കരുനാഗപ്പള്ളി: കാലിത്തീറ്റ ഫാക്ടറിയിലെ തൊഴിലാളികളോട് കമ്പനി മാനേജ്‌മെന്റ് കാണിക്കുന്ന കനത്ത വിവേചനവും അവഗണനയും അവസാനിപ്പിക്കണമെന്ന് യു.ടി.യു.സി യൂണിയൻ പ്രസിഡന്റും എം.പി യുമായ എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. കരുനാഗപ്പളളി ഫാക്ടറിയിലെ കയറ്റിറക്ക് തൊഴിലാളികളുമായുള്ള വേതന കരാറിന്റെ കാലാവധി കഴിഞ്ഞ് രണ്ടര വർഷം കഴിഞ്ഞിട്ടും കരാർ പുതുക്കി വേതന പരിഷ്‌ക്കരണം നടപ്പാക്കാൻ മാനേജ്‌മെന്റ് നടപടിയെടുത്തില്ല. എന്നാൽ തൃശൂർ ജില്ലയിലെ കല്ലേറ്റുംകര പ്ലാന്റിലെ തൊഴിലാളികളുടെ കരാർ കാലാവധി കഴിഞ്ഞ ഉടൻ കരാർ പുതുക്കി ശമ്പളം വർദ്ധിപ്പിക്കാൻ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചു. കരാർ കാലഹരണപ്പെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും കൂലി പുതുക്കാത്ത മാനേജ്‌മെന്റിന്റെ ഏകപക്ഷീയ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് യു.ടി.യു.സി നേതൃത്വം നൽകുമെന്നും എം.പി പറഞ്ഞു.

യൂണിയൻ കൺവീനർ മോഹൻപിള്ളയ്ക്ക് കരുനാഗപ്പളളിയിൽ വച്ച് നൽകിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ സെക്രട്ടറി എം.എസ്. ഷൗക്കത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർ.എസ്.പി മണ്ഡലം സെക്രട്ടറി പി.രാജു, സി.എം. ഷെറീഫ്, എ. സുദർശനൻ, പി. സുഭാഷ്, രാജേഷ് പട്ടാശ്ശേരി, തങ്കച്ചൻ, ഷിബു ക്ലാപ്പന, ആർ. ഓമനദാസ്, ഇ.കെ. വിശ്വാനന്ദൻ, സോളമൻ എന്നിവർ സംസാരിച്ചു.