ഇരവിപുരം: കാൻസർ ബാധിതയായ കിടപ്പുരോഗിയുടെ ചികിത്സയ്ക്കായി അലമാരയിൽ സൂക്ഷിച്ചിരുന്ന ആറു ലക്ഷം രൂപ മോഷണം പോയി. ഒരാഴ്ച മുമ്പ് ഇവിടെ നിന്ന് അഞ്ചു പവൻ സ്വർണം മോഷണം പോയതിന് പിന്നാലെയാണ് വീണ്ടും പണം കവർന്നത്. വാളത്തുംഗൽ ചിറ വയൽ തൈക്കാവിന് സമീപം സമത്വംനഗർ 82 തൊടിയിൽ വീട്ടിൽ പരേതനായ ഷെരീഫിന്റെ ഭാര്യ ലത്തീഫാ ബീവിയുടെ (63) പണമാണ് മോഷണം പോയത്. മയ്യനാട് വെള്ള മണൽ സ്കൂളിൽ പിയൂണായിരുന്ന ഇവർ റിട്ടയർ ചെയ്തപ്പോൾ കിട്ടിയ പണവും പെൻഷനും കവറിലാക്കി അലമാരയിൽ തുണികൾക്കിടയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പുലർച്ചേ നോക്കിയപ്പോൾ അലമാര തുറന്നു കിടക്കുന്നതാണ് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം നഷ്ടമായ വിവരം അറിയുന്നത്. നേരത്തേ ഇവർ തിരുവനന്തപുരം ആർ.സി.സിയിൽ കാൻസർ സംബന്ധിച്ച ഓപ്പറേഷന് വിധേയയായിരുന്നു. ഇവരുടെ കാൽ മുട്ടിന്റെ മറ്റൊരു ഓപ്പറേഷനു വേണ്ടിയും പാലക്കാട് താമസിക്കുന്ന മകളുടെ വിവാഹാവശ്യത്തിന് നൽകുന്നതിനും സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്. ഇരവിപുരം പൊലീസിൽ വിവരം അറിയിച്ചതനുസരിച്ച് വനിതാ എസ്.ഐ അനുരൂപയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി വിവരശേഖരണം നടത്തി. സംഭവത്തെക്കുറിച്ച് ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.