പടിഞ്ഞാറേകല്ലട :പഞ്ചായത്തിലെ കോതപുരം ഐത്തോട്ടുവാ തെക്ക്, വടക്ക് വാർഡുകളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവിച്ചു വന്നിരുന്ന കുടിവെള്ളക്ഷാമത്തിന് കഴിഞ്ഞദിവസം വൈകിട്ടോടെ പരിഹാരമായി. പഞ്ചായത്തിലെ പി .ഡബ്ല്യു. ഡി റോഡായ വളഞ്ഞ വരമ്പ് റോഡിന്റെ കുത്തനെയുള്ള ഉയരം ജെ.സി.ബി ഉപയോഗിച്ച് കുറയ്ക്കുന്നതിനിടെയാണ് പൈപ്പ് ലൈൻ പൊട്ടിയതും കുടിവെള്ളം നിലച്ചതും . ഇതേ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രദേശത്ത് ടാങ്കർലോറികളിൽ വെള്ളമെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു.
കുടിവെള്ളമെത്തി
എം.എൽ.എയുടെ ഇടപെടലിൽ
പുതിയ പൈപ്പ് ലൈൻ മാറ്റുന്നതിന്റെ ചെലവ് സംബന്ധിച്ച് പി.ഡബ്ല്യു.ഡിയും വാട്ടർ അതോറിറ്റിയും തമ്മിലുള്ള തർക്കമാണ് പൈപ്പ് ലൈൻ മാറ്റിയിടുന്നത് വൈകാൻ കാരണം. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ അടിയന്തര ഇടപെടലിനെതുടർന്ന് തർക്കം പരിഹരിക്കുകയും വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയറുടെ നിർദ്ദേശപ്രകാരം കോട്ടയത്തെവാട്ടർ അതോറിറ്റിയുടെ സ്ഥലത്ത് കിടന്നിരുന്ന പൈപ്പുകൾ ഇവിടെ എത്തിച്ച് പ്രശ്നം പരിഹരിച്ചു. കഴിഞ്ഞദിവസം വൈകിട്ടോടെ പ്രദേശത്ത് കുടി വെള്ളം ലഭിച്ചുതുടങ്ങി.
ശാസ്താംകോട്ടയിലെ ജല ശുദ്ധീകരണ ശാലയിൽ ഇന്നും നാളെയും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജലവിതരണം തടസപ്പെടുമെങ്കിലും ഇന്ന് ഉച്ചവരെ ഇവിടെ വെള്ളം ലഭിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
റോയി തോമസ്
ശാസ്താംകോട്ട വാട്ടർ അതോറിറ്റി
അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ