ക്യൂ ലൈനുമായി ഈസ്റ്റ് പൊലീസ്
കൊല്ലം: ആശ്രാമത്തെ ബീവറേജസിന്റെയും കൺസ്യൂമർ ഫെഡിന്റെയും ഔട്ട്ലെറ്റുകളിൽ മദ്യം വാങ്ങാനെത്തുന്നവർക്കായി നിശ്ചിത അകലത്തിൽ ക്യൂ ലൈൻ വരച്ച് ഈസ്റ്റ് പൊലീസ്. ലൈനുകൾക്ക് മുകളിൽ ക്യൂ പാലിച്ച് നിന്നില്ലെങ്കിൽ മദ്യം വാങ്ങാനുള്ള കാശ് പോകുമെന്ന് ഉറപ്പ്. ലൈനും ക്യൂവും തെറ്റിക്കുന്നവരിൽ നിന്ന് അഞ്ഞൂറ് രൂപ വീതം പിഴ ഈടാക്കാനാണ് ഈസ്റ്റ് പൊലീസിന്റെ തീരുമാനം.
പല ദിവസങ്ങളിലും ബീവറേജസ് ഔട്ട്ലെറ്റുകൾക്ക് മുന്നിൽ നിന്നുള്ള ക്യൂ ഇരുദിശകളിലേക്കും മീറ്ററുകളോളം നീളും. ഇത് ലിങ്ക് റോഡിൽ ഗതാഗത കുരുക്കിന് കാരണമാകാറുണ്ട്. ഇതൊഴിവാക്കുന്നതിനൊപ്പം സാമൂഹിക അകലം ഉറപ്പാക്കി കൊവിഡ് വ്യാപനം തടയുകയെന്ന ലക്ഷ്യവുമുണ്ട്. ഒരുവശത്ത് നടപ്പാതയ്ക്ക് മുകളിലൂടെ കെ.എസ്.ആർ.ടി.സി ഡിപ്പോ വരെയും മറുഭാഗത്ത് കെ.ടി.ഡി.സി ഹോട്ടൽ വരെയുമാണ് ക്യു ലൈൻ വരച്ചിട്ടുള്ളത്.
കറങ്ങും മുമ്പ് ഇത്തിരി ബലം പിടിക്കണം
സാധാരണ ബീവറേജസിന് മുന്നിൽ സംഘർഷം ഉണ്ടാകാറില്ലെങ്കിലും ക്യൂ വളഞ്ഞുപുളഞ്ഞായിരിക്കും കിടക്കുക. ഇനി എന്തായാലും മദ്യം കഴിച്ച് കിക്കായി കറങ്ങിനടക്കുന്നതിന് മുമ്പ് കുറച്ചു നേരം ലൈൻ പിടിച്ച് നേരെ നിൽക്കേണ്ടി വരും. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പൊലീസിനെ സഹായിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണ് ഔട്ട്ലെറ്റുകൾക്ക് മുന്നിൽ ഇന്നലെ വരകൾ പൂർത്തിയാക്കിയത്.