കുന്നത്തൂർ : ഇരുവൃക്കകളും തകരാറിലായ ഗൃഹനാഥൻ തുടർ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. കുന്നത്തൂർ മാനാമ്പുഴ കുഴിയത്തുവിള വീട്ടിൽ വിദ്യാധരൻ(57) ആണ് സഹായം തേടുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് റബർ ടാപ്പിംഗ് തൊഴിലാളിയായിരുന്ന വിദ്യാധരനെ രോഗം ബാധിച്ചത്. അടൂർ ഗവ.ആശുപത്രിയിലെ ഡോക്ടറുടെ നിർദ്ദേശപ്രകാരം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഇരു വൃക്കകളും തകരാറിലായത് കണ്ടെത്തിയത്.തുടർന്ന് ഇവിടെ തന്നെ ചികിത്സ തുടർന്നു. വിദ്യാധരന് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ നിർദ്ധന കുടുംബത്തിന്റെ അവസ്ഥ ദുരിതപൂർണമായി. കൊവിഡ് കാലം ഇവർക്ക് വെല്ലുവിളിയായി. ചികിത്സയ്ക്കായി കോട്ടയം വരെ പോകുന്നത് ബുദ്ധിമുട്ടായി.തുടർന്ന് രോഗം കലശലായതോടെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് പിസ്റ്റുല ചെയ്തു.ആഴ്ചയിൽ രണ്ടു ദിവസംവീതം ഡയാലിസിസ് നടത്തിയാണ് ഇപ്പോൾ വിദ്യാധരന്റെ ജീവൻ നിലനിറുത്തുന്നത്. ഇതിന് മാസം തോറും പതിനായിരത്തിലധികം രൂപ വേണ്ടിവരും. പണം കണ്ടെത്താൻ മാർഗമില്ലാതെ ഭാര്യ ലതയും മക്കളായ സാഗറും കാർത്തികയും അടങ്ങുന്ന പാവപ്പെട്ട കുടുംബം വലയുകയാണ്.നല്ലവരായ സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.ഇതിനായി ഭാര്യ ലതയുടെ പേരിൽ എസ്.ബി.ഐ കുന്നത്തൂർ നെടിയവിള ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ:67249535684. ഐ.എഫ്.എസ്.സി: SBIN0070476. ഫോൺ:8848982223.