ശാസ്താംകോട്ട: നിർമ്മാണം പൂർത്തീകരിച്ചിട്ട് 29 വർഷം കഴിഞ്ഞിട്ടും ഉദ്ഘാടനം ചെയ്യാതിരുന്ന ഭരണിക്കാവിലെ അംബദ്കർ സ്മാരക കമ്മ്യൂണിറ്റി ഹാളിന് ശാപമോക്ഷത്തിന് വഴിയൊരുങ്ങുന്നു. വർഷങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ശേഷം ശാസ്താംകോട്ട പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കമ്മ്യൂണിറ്റി ഹാൾ സന്ദർശിച്ചത് വലിയ പ്രതീക്ഷ നൽകുന്നു. വിവാഹം ഉൾപ്പടെയുള്ള പൊതു പരിപാടികൾ നടത്തുന്നതിനായി 1992 ൽ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് ശാസ്താംകോട്ടയിലെ ഭരണിക്കാവിൽ നിർമ്മിച്ച കെട്ടിടം അധികൃതരുടെ അനാസ്ഥ മൂലം നശിക്കുകയായിരുന്നു. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തും പട്ടികജാതി വികസനവകുപ്പും തമ്മിലുള്ള തർക്കമാണ് ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച കെട്ടിടം നശിക്കാൻ കാരണമായത്. പഞ്ചായത്തിന് അനുകൂലമായ കോടതി വിധി വന്നെങ്കിലും തുടർ നടപടികളുണ്ടായില്ല.
സാമൂഹ്യ വിരുദ്ധരുടെ താവളം
കെട്ടിടത്തിന്റെ പരിസരം കാടുമൂടിയതോടെ കെട്ടിടവും പരിസരവും സാമൂഹ്യ വിരുദ്ധരുടെ താവളമായി. ഇതോടെ കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും ഉൾപ്പടെ സാമൂഹ്യ വിരുദ്ധർ മോഷ്ടിച്ചു. കെട്ടിടം നശിക്കുന്നത് സംബന്ധിച്ച് കേരളാ കൗമുദി നിരവധി തവണ വാർത്ത നൽകിയിരുന്നു.
നടപടി ഉടൻ
ഭൂമിക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന ഭരണിക്കാവിൽ ലക്ഷങ്ങൾ ചെലവാക്കി നിർമ്മിച്ച കെട്ടിടം നശിക്കുന്നതിനെതിരെ ദളിത് സംഘടനകളുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. നിരന്തരമായ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത, വൈസ് പ്രസിഡന്റ് അജയകുമാർ ,സെക്രട്ടറി രാജൻ ആചാരി ,ഗ്രാമ പഞ്ചായത്തംഗം ഗുരുകുലം രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കമ്മ്യൂണിറ്റി ഹാൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി .ചൊവ്വാഴ്ച്ച നടക്കുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ കെട്ടിടം തുറന്നു പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ച ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.