കൊല്ലം: ബധിരരും മൂകരുമായ ദമ്പതികളിൽ ഭർത്താവ്​ ഭാര്യയെ തീവെച്ചുകൊന്ന കേസിൽ കൊല്ലം അഡിഷനൽ സെഷൻസ്​ കോടതി ജഡ്​ജി​ പി. ഷേർളി ദത്ത്​ ഇന്ന് വിധിപറയും. പള്ളിത്തോട്ടത്തെ ക്യു.എസ്​.എസ്​ കോളനിയിലെ വെളിച്ചം നഗറിലെ 97-ാം നമ്പർ ​വീട്ടിൽ മോളി (29) കൊല്ലപ്പെട്ട കേസിലാണ്​ വിധി​. 2017 ഒക്​ടോബർ 31ന്​ രാത്രി വീട്ടിൽ വച്ച്​ ഭാര്യയായ മോളിയുടെ ദേഹത്ത്​ ഭർത്താവ് അനിൽകുമാർ മണ്ണെണ്ണയൊഴിച്ച്​ കത്തിച്ചെന്നാണ് കേസ്. 70 ശതമാനം പൊള്ളലേറ്റ്​ കോട്ടയം മെഡി. കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ​മോളി ദിവസങ്ങൾക്കുള്ളിൽ​ മരിച്ചു. അനാഥയായ മോളിയെ കോട്ടയം നവജീവനിൽനിന്നാണ്​ അനിൽകുമാർ വിവാഹം കഴിച്ചത്​. സംശയംകാരണം അനിൽകുമാർ മോളിയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നു. മോളിയെയും കുഞ്ഞിനെയും മുറിക്കുള്ളിൽ പൂട്ടിയിട്ടിട്ടാണ്​ ഇയാൾ മത്സ്യബന്ധനത്തിന്​ പോയിരുന്നത്​. സംഭവ ദിവസം മകന്​​ ഭക്ഷണം കൊടുക്കവേ അനിൽകുമാർ പിന്നിലൂടെ മോളിയുടെ ദേഹത്ത്​ മണ്ണെണ്ണ ഒഴിച്ച്​ കത്തിച്ചെന്നാണ് കുറ്റപത്രം. ശബ്​ദംകേ​ട്ടെത്തിയ അയൽക്കാരാണ്​ മോളിയെ ആശുപത്രിയിലെത്തിച്ചത്​. ചികിത്സയിലിരിക്കേ മജിസ്​ട്രേറ്റിന്​ നൽകിയ മൊഴിയിൽ ഭർത്താവ്​ അനിൽകുമാറിന്റെ പീഡനം സംബന്ധിച്ച്​ മോളി വ്യക്തമായി പറഞ്ഞിരുന്നു.