കൊല്ലം: യോഗാസനങ്ങൾ ഏതുമാകട്ടെ നാലു വയസുകാരി ഋത്വിക അനായാസം ചെയ്തു കാണിക്കും. അത് കാണുന്നവർ അത്ഭുതപരതന്ത്രരാവുകയും ചെയ്യും. ഇത്തരത്തിൽ അമ്പത് യോഗാസനങ്ങൾ അഞ്ച് മിനിട്ടു കൊണ്ട് ചെയ്ത ഋത്വിക് അടുത്തിടെ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിലും ഏഷ്യ ബുക്ക് ഒഫ് റെക്കാർഡ്സിലും ഇടം പിടിക്കുകയും ചെയ്തു. നാല് മിനിട്ടിൽ പതിന്നാല് യോഗാസനങ്ങൾ ചെയ്ത മഹാരാഷ്ട്രക്കാരി വന്യശർമ്മയുടെ റെക്കാഡാണ് ഋത്വിക പഴങ്കഥയാക്കിയത്. ധനുരാസനവും അശ്വസംചലനാസനവും കുട്ടികൾക്ക് സാധാരണ വഴങ്ങാത്ത ചക്രാസനവും ഭുജംഗാസനവുമടക്കം അമ്പത് യോഗ ക്രമം തെറ്റാതെ അഞ്ച് മിനിട്ടിൽ ഋത്വിക ചെയ്തു.
കൊല്ലം കാവനാട് കന്നിമേൽചേരി കൃഷ്ണകൃപയിൽ വെങ്കിടകൃഷ്ണന്റെയും കടപ്പാക്കട ശാന്തിഗിരി ആയുർവേദ ആശുപത്രിയിലെ ഡോക്ടറായ രേഷ്‌മ കൃഷ്‌ണനുമാണ് ഋത്വികയുടെ മാതാപിതാക്കൾ. ലോക്ക് ഡൗൺ കാലത്ത് രേഷ്‌മ ഓൺലൈനിൽ മറ്റുള്ളവർക്കായി യോഗ ക്ലാസുകൾ നടത്തിയിരുന്നു. ഇതുകണ്ടാണ് ഋത്വിക അമ്മയ്ക്കൊപ്പം കൂടിയത്. രാവിലെയും വൈകിട്ടും പരിശീലന ക്ളാസ് നടക്കുമ്പോൾ ഋത്വികയും യോഗ ചെയ്യാൻ തുടങ്ങി. മകളുടെ താൽപര്യം മനസിലാക്കി രേഷ്‌മയും പ്രോത്സാഹിപ്പിച്ചു. താൻ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു മകളുടെ അഭ്യാസമുറകളെന്ന് രേഷ്‌മ പറയുന്നു.
ടൈമർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ നിമിഷനേരത്തിനുള്ളിൽ ഓരോ യോഗമുറയും ചെയ്യാൻ ഋത്വികയ്ക്ക് കഴിയുന്നുവെന്ന് മനസിലായി. തുടർന്ന് ഏഷ്യ ബുക്ക് ഒഫ് റെക്കോർഡ്സിന്റെയും ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിന്റെയും നിബന്ധനകൾ പ്രകാരം വീഡിയോ അപ്‌ലോഡ് ചെയ്യുകയായിരുന്നു. രാമൻകുളങ്ങര പുൽക്കൂട് പ്ളേ സ്കൂൾ വിദ്യാർത്ഥിനിയാണ് മണിക്കുട്ടിയെന്ന് വിളിപ്പേരുള്ള ഈ കൊച്ചുമിടുക്കി. ഋത്വികയുടെ രണ്ട് വയസുകാരി അനുജത്തി സ്വാഗതയും യോഗ പരിശീലിക്കുന്നുണ്ട്. മാലി ദ്വീപിൽ സ്‌റ്റോർ കീപ്പറായ അച്ഛൻ വെങ്കിടകൃഷ്ണനും മകൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകിവരുന്നു.