ആലപ്പുഴ : വളളികുന്നത്ത് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കായംകുളം കൃഷ്ണപുരം കൊച്ചുമുറിയിൽ സുനിൽ ഭവനിൽ സുനിൽ- സുനിത ദമ്പതികളുടെ മകൾ സുചിത്രയുടെ മരണം കൊലപാതകമോ? സ്ത്രീധന പീഡനത്തെ തുടർന്ന് തൂങ്ങിമരിച്ചതാണെന്ന വിധത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ മരണദിവസം വള്ളികുന്നം കടുവിനാലെ ഭർതൃവീട്ടിൽ ബന്ധുവായ ആരോ വന്നുപോയെന്ന വിവരം സുചിത്രയുടെ വീട്ടുകാർക്ക് ലഭിച്ചതാണ് സംശയങ്ങൾ ബലപ്പെടുത്തുന്നത്. കഴിഞ്ഞ മാസം 29നാണ് വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയുന്ന ദിവസം, 19 വയസ് മാത്രം പ്രായമുള്ള സുചിത്രയുടെ മരണം.
നേരിട്ടത് കടുത്ത
സ്ത്രീധന പീഡനം
വിവാഹം കഴിഞ്ഞതോടെ ഭർതൃവീട്ടിൽ സുചിത്രയ്ക്ക് കടുത്ത പീഡനമാണ് നേരിടേണ്ടിവന്നതെന്ന് സുചിത്രയുടെ മാതാപിതാക്കളായ സുനിലും സുനിതയും ആരോപിക്കുന്നു. അവരുടെ ഏകമകളായിരുന്നു സുന്ദരിയായ സുചിത്ര. പലസ്ഥലങ്ങളിൽ നിന്നായി നിരവധി വിവാഹാലോചകൾ വന്നെങ്കിലും വീട്ടിൽ നിന്ന് ഏറെ അകലെയല്ലാത്തതും സൈനികനാണ് എന്നതുമാണ് വള്ളികുന്നം സ്വദേശിയായ വിഷ്ണുവിന്റെ വിവാഹാലോചനയിൽ സുചിത്രയുടെ വീട്ടുകാർ ആകൃഷ്ടരാകാൻ കാരണം.
സ്ത്രീധനമായി 51 പവനും സ്കൂട്ടറുമായിരുന്നു സുചിത്രയുടെ വീട്ടുകാർ വാഗ്ദാനം ചെയ്‌തത്. എന്നാൽ പിന്നീട്, സ്കൂട്ടർ പോര കാർ വേണമെന്ന വിഷ്ണുവിന്റെ ആവശ്യത്തിനും വഴങ്ങുകയും ചെയ്തു. സുചിത്ര ഏകമകളായതിനാൽ ഓച്ചിറയ്ക്ക് സമീപമുള്ള കൊച്ചുമുറിയിലെ വീടും വസ്തുക്കളും ഭാവിയിൽ സുചിത്രയ്ക്കും വിഷ്ണുവിനും അവകാശപ്പെട്ടതുതന്നെയായിരുന്നു. സ്കൂട്ടറിന് പകരം കാർ വേണമെന്ന ആവശ്യം പരിഗണിച്ചതോടെ ഏകമകളെന്ന നിലയിൽ സുചിത്രയുടെ ഏത് ആഗ്രഹത്തിനും വീട്ടുകാർ വഴങ്ങുമെന്ന് വിഷ്ണുവിന്റെ വീട്ടുകാർക്ക് ബോദ്ധ്യപ്പെട്ടു. മകളെ വിവാഹം കഴിപ്പിച്ചയച്ച വകയിൽ സ്ത്രീധനമായി നൽകാനുള്ള പത്ത് ലക്ഷം രൂപ സുചിത്രയുടെ വീട്ടുകാരിൽ നിന്ന് ഈടാക്കാമെന്നായിരുന്നു വിഷ്ണുവിന്റെ മാതാപിതാക്കളുടെ പ്ളാൻ. ഇതനുസരിച്ച് 10 ലക്ഷം രൂപ കൂടി സ്ത്രീധനമായി വേണമെന്ന് സുചിത്രയുടെ വീട്ടുകാർ പറഞ്ഞു. എന്നാൽ പെട്ടെന്ന് അത്രയും പണം നൽകാൻ ബുദ്ധിമുട്ടാണെന്ന് സുനിലും സുനിതയും അറിയിച്ചതോടെ വിഷ്ണുവിന്റെ വീട്ടുകാർ കുറച്ച് സ്വർണ്ണമെടുത്ത് പണയംവച്ചു. ബാക്കി സ്വർണ്ണം ലോക്കറിൽവയ്ക്കാൻ സുനിൽ വിഷ്ണുവിന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടത് വീട്ടുകാർക്ക് ഇഷ്ടപ്പെട്ടില്ല. പണയം വച്ച സ്വർണത്തിന് തുല്യമായ തുകയ്ക്കുള്ള സുചിത്രയുടെ പേരിൽ നൽകാമെന്ന് പറഞ്ഞെങ്കിലും അതു നടക്കാത്തതിനാൽ പീന്നീട് ആവശ്യപ്പെട്ട പണം നൽകാൻ സുചിത്രയുടെ വീട്ടുകാരും തയ്യാറായില്ല. വിവാഹത്തിന് നാട്ടിലെത്തിയ
വിഷ്ണു അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങിയപ്പോഴാണ് സുചിത്ര കൂടുതൽ പ്രതിസന്ധിയിലായതെന്ന് മാതാവ് സുനിത പറയുന്നു. സുചിത്രയുമായുള്ള വിവാഹം ഉറപ്പിക്കും മുമ്പ് വിഷ്ണുവിന് ഉറപ്പിച്ചിരുന്ന മറ്റൊരു വിവാഹം മുടങ്ങിയിരുന്നു. കല്യാണത്തിന് ആഡിറ്റോറിയം ബുക്ക് ചെയ്യുകയും വിവാഹ വസ്ത്രങ്ങൾ വാങ്ങുകയും ചെയ്ത ശേഷം 80 പവൻ സ്വർണ്ണവും 10 ലക്ഷം രൂപ സ്ത്രീധനവും ആവശ്യപ്പെട്ടതോടെ പെൺവീട്ടുകാർ പിൻമാറുകയായിരുന്നു. ഇക്കാര്യങ്ങളും പൊലീസിനെ അറിയിച്ചിട്ടുണ്ടെന്ന് സുചിത്രയുടെ വീട്ടുകാർ പറയുന്നു.
'ഞാനങ്ങനൊന്നും ചെയ്യില്ല...'
വിഷ്ണുജോലി സ്ഥലത്തേക്ക് മങ്ങിയശേഷം പത്ത് ലക്ഷം രൂപ നൽകാത്തതിനെ ചൊല്ലി സുചിത്രയുമായി വിഷ്ണുവിന്റെ വീട്ടുകാർ നിരന്തരം വഴക്കിട്ടിരുന്നു. ജോലി സ്ഥലത്തുള്ള വിഷ്ണുവിനെയും അച്ഛനമ്മമാരെയും വിളിച്ച് തനിക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ സുചിത്ര വെളിപ്പെടുത്തിയിരുന്നു. അച്ഛനമ്മമാരുടെ സാന്ത്വന വാക്കുകളും ക്വാർട്ടേഴ്സ് തരപ്പെട്ടാലുടൻ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകാമെന്ന വിഷ്ണുവിന്റെ ഉറപ്പും മാത്രമായിരുന്നു സുചിത്രയ്ക്ക് ആശ്വാസം.
ശാസ്താംകോട്ടയിൽ വിസ്മയയുടെ മരണവാർത്ത കണ്ട് ഭയന്ന് അമ്മ സുനിത വിളിച്ചപ്പോൾ ‘ഞാൻ അങ്ങനെ ചെയ്യുമോ ? എനിക്ക് വിഷ്ണുവേട്ടന്റെ കൂടെ പോകേണ്ടതല്ലേ’ എന്നാണ് സുചിത്ര പറഞ്ഞത്. അങ്ങനെ പറഞ്ഞ കുഞ്ഞ് പിറ്റേന്ന് ജീവനൊടുക്കുമെന്ന് വിശ്വസിക്കാനാകുമോ...’ സുനിത ചോദിക്കുന്നു.
ജ്യോത്സ്യന്റെ പ്രവചനം
കെണിയായി
സത്കർമ്മങ്ങൾക്ക് മുമ്പ് ഈശ്വരാധീനവും സമയവും മറ്റും ജ്യോതിഷൻമാരുടെ സഹായത്തോടെ നോക്കുന്നത് നാട്ടിൽ പതിവാണ്. മകളുടെ ജാതകപ്രകാരം വിവാഹത്തെപ്പറ്റി ജ്യോത്സ്യൻ നടത്തിയ പ്രവചനം സുചിത്രയുടെ കാര്യത്തിൽ വീട്ടുകാർക്ക് കെണിയാകുകയായിരുന്നു. ഇരുപത് വയസിന് മുമ്പ് മകളുടെ വിവാഹം നടത്തിയില്ലെങ്കിൽ പിന്നീട് വിവാഹത്തിന് തടസം നേരിടുമെന്നായിരുന്നു ജ്യോത്സ്യന്റെ പ്രവചനം. ഇതനുസരിച്ചാണ് പ്ളസ് ടു പഠനം പൂർത്തിയാക്കിയതിന് പിന്നാലെ സുചിത്രയുടെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചത്. ജീവിതമെന്തെന്ന് തിരിച്ചറിയുംമുമ്പ് മകളെ വിവാഹം ചെയ്ത് അയച്ചതിന്റെ ദുരന്തം അനുഭവിക്കേണ്ടിവന്ന സുനിലിന് തനിക്ക് പറ്റിയ അബദ്ധം ഇനി മറ്റാർക്കും സംഭവിക്കരുതെന്ന ഉപദേശമാണ് നൽകാനുള്ളത്.
മിസ്സായ ഫോൺ കാൾ
സുചിത്ര ഒരുകാരണവശാലും ആത്മഹത്യചെയ്യില്ലെന്നാണ് മാതാപിതാക്കളുടെ വെളിപ്പെടുത്തൽ. മരിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് വീട്ടിൽ വന്നശേഷം സുചിത്ര തിരികെ വിഷ്ണുവിന്റെ വീട്ടിലേക്ക് പോയത്. മരിച്ച ദിവസം രാവിലെ പുറത്തേക്കിറങ്ങിയപ്പോൾ മകൾ എന്നെ വീഡിയോ കോൾ ചെയ്തിരുന്നു. അതു ഞാൻ കണ്ടില്ല. ഞാൻ ഫോൺ എടുത്തില്ലെങ്കിൽ തുടർച്ചയായി വിളിക്കുമായിരുന്നു. അന്ന് പക്ഷേ, ആ ഒരു കോൾ മാത്രമേ വിളിച്ചുള്ളൂ. പിന്നാലെയാണ് അവളെ മരിച്ച നിലയിൽ കണ്ടത്. ആ കോൾ എടുത്തിരുന്നെങ്കിൽ ചിലപ്പോൾ ഒന്നും സംഭവിക്കുമായിരുന്നില്ല. വല്ലാതെ വിഷമിച്ചതുകൊണ്ടാകും അവൾ വിളിച്ചത്. മരിക്കുന്നതിന് തലേ ദിവസം വൈകുന്നേരം അവളുമായി വീഡിയോകോളിൽ സംസാരിക്കുമ്പോൾ വിഷ്ണുവിന്റെ അമ്മ അവളെ ശകാരിക്കുന്നത് കേൾക്കാമായിരുന്നു. നിലവിളക്കെടുത്ത് വച്ചില്ലെന്ന കാരണത്താലായിരുന്നു ശകാരം. ഭയങ്കര ഉച്ചത്തിലുളള ശകാരം കാരണം ഭയന്നുപോയ മകളുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ട് ഞാൻ അവളെ ആശ്വസിപ്പിച്ചു. അടുത്തദിവസമാണ് ഭർതൃവീട്ടിൽ വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് സുചിത്രയുടെ മൃതദേഹം കണ്ടെത്തിയതെന്നും സുനിത പറയുന്നു.
കട്ടിലിൽ ഉണ്ടായിരുന്ന മെത്തയുടെ മുകളിൽ പ്ലാസ്റ്റിക് സ്റ്റൂൾ വച്ച് കയറി കുരുക്കിട്ടെന്നായിരുന്നു നിഗമനം. ഇതിലാണ് കുടുംബത്തിന്റെ സംശയം. സുചിത്രയുടെ പിതാവും സൈനികനാണ്. ലഡാക്കിലെ ഓഫീസർ കമാൻഡന്റ് ഉൾപ്പെടെയുള്ള സൈനിക ഉദ്യോഗസ്ഥർക്ക് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിശദമായ പരാതി സമർപ്പിച്ചിട്ടുണ്ട്.
ആരോപണങ്ങൾ
അന്വേഷിക്കും
സുചിത്രയുടെ മരണത്തിൽ മാതാപിതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. ഭർതൃവീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ മകളെ പീഡിപ്പിച്ചതായും ഭർതൃമാതാവ് സുചിത്രയെ ദേഹോപദ്രവം ഏൽപിച്ചെന്നും മാതാപിതാക്കൾ മൊഴി നൽകിയിട്ടുണ്ട്. സുചിത്രയുടെ ഭർത്താവ് വിഷ്ണുവിന്റെയും ബന്ധുക്കളുടെയും മൊഴിയും ശേഖരിച്ചു.
ഈ സമയം ഇവരുടെ വീട്ടിൽ ബന്ധുവായ ആരോ വന്നുപോയതായി
സുചിത്രയുടെ വീട്ടുകാർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും പരിശോധിച്ചുവരികയാണെന്നും സൈബർ പൊലീസ് സഹായത്തോടെയുള്ള അന്വേഷണത്തിന്റെ വിവരങ്ങളും ഫോറൻസിക് പരിശോധനാഫലവും കൂടി പരിഗണിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.