ചാത്തന്നൂർ : രണ്ടാം പ്രാഥമികാരോഗ്യകേന്ദ്രം വേണമെന്ന കല്ലുവാതുക്കൽ പഞ്ചായത്തിന്റെ ആവശ്യത്തിന് ദേശീയനയം അനുകൂലമാണെന്ന് വിദഗ്ദ്ധാഭിപ്രായം. സംസ്ഥാനസർക്കാർ കൂടി കനിഞ്ഞാൽ പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ബുദ്ധിമുട്ടുകൾക്ക് ശാശ്വതപരിഹാരം കാണാം.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ (എൻ.എച്ച്.എം.) നയമനുസരിച്ച് 30,000 പേർക്ക് ഒരു പ്രാഥമികാരോഗ്യ കേന്ദ്രം എന്നതാണ് അനുപാതം. 2011ലെ ജനസംഖ്യയനുസരിച്ച് നോക്കിയാൽ പോലും കല്ലുവാതുക്കൽ പഞ്ചായത്തിൽ രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സേവനം ലഭിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. ഔദ്യോഗിക കണക്കനുസരിച്ച് 70,000 ആണ് ജനസംഖ്യയെങ്കിലും ഇത് ഒരു ലക്ഷത്തോളമാണെന്നതാണ് യാഥാർത്ഥ്യം.
എല്ലാ ഘടകങ്ങളും അനുകൂലം
കുന്നിൻപ്രദേശങ്ങളും പട്ടികവർഗ മേഖലകളും ഉൾപ്പെടുന്ന കല്ലുവാതുക്കൽ പഞ്ചായത്തിലെ ജനസംഖ്യ അടക്കം എല്ലാ ഘടകങ്ങളും രണ്ടാമതൊരു പ്രാഥമികാരോഗ്യകേന്ദ്രം വേണമെന്ന ആലശ്യത്തിലേക്കാണ് വിരൾ ചൂണ്ടുന്നത്. പാരിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിനുള്ള നടപടി സർക്കാർ ആരംഭിച്ച നിലയ്ക്ക് കല്ലുവാതുക്കലിൽ കേന്ദ്രസർക്കാർ ഫണ്ടിൽ സ്ഥാപിക്കുന്ന പ്രാഥമികാരോഗ്യ ഉപകേന്ദ്രം പ്രാഥമികാരോഗ്യ കേന്ദ്രമായി ഉയർത്തുന്നത് ജനങ്ങൾക്ക് പ്രയോജനകരമാകും.
ജനസംഖ്യാനുപാതികമായുള്ള കണക്ക്
3000 മുതൽ 5000വരെ പേർക്ക് ഒരു പ്രാഥമികാരോഗ്യഉപകേന്ദ്രം (പി.എച്ച് സബ് സെന്റർ) വേണമെന്നാണ് ചട്ടം. 20,000 മുതൽ 30,000 വരെ പേർക്ക് ഒരു പ്രാഥമികാരോഗ്യ കേന്ദ്രവും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് റഫറൽ ആശുപത്രിയായി കമ്യൂണിറ്റി ഹെൽത്ത് സെന്ററും വേണം. മലയോര പ്രദേശങ്ങളിലും പട്ടികവർഗ മേഖലകളിലും 20,000 പേർക്ക് ഒരു പ്രാഥമികാരോഗ്യകേന്ദ്രം എന്നാണ് കണക്ക്.
ഭാവിയിൽ വിഭജിക്കപ്പെടാൻ സാദ്ധ്യതയുള്ള പഞ്ചായത്താണ് കല്ലുവാതുക്കൽ. ഇത് കണക്കിലെടുത്താലും കല്ലുവാതുക്കൽ ആസ്ഥാനമായി പുതിയൊരു പ്രാഥമികാരോഗ്യ കേന്ദ്രം വരുന്നത് ജനങ്ങൾക്ക് ഉപകാരപ്രദമാണ്.
വി. ഗണേഷ്, പ്രസിഡന്റ്, നടയ്ക്കൽ
സർവീസ് സഹകരണ ബാങ്ക്, കല്ലുവാതുക്കൽ