കൊല്ലം: പരിപാലനത്തിലെ വീഴ്ച കാരണം കടപ്പാക്കട ജംഗ്ഷനിലെ കംഫർട്ട് സ്റ്റേഷനിൽ നിന്ന് അസഹ്യമായ ദുർഗന്ധം പടരുന്നു. ടോയ്ലറ്റ് ഉപയോഗിക്കാൻ പോയിട്ട് ഇതിന്റെ പരിസരത്തുകൂടി നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നാണ് യാത്രക്കാരുടെ പരാതി. ആശാസ്ത്രീയ നിർമ്മാണം മൂലം ടോയ്ലറ്റിന്റെ സെപ്ടിക് ടാങ്ക് ഇടയ്ക്കിടെ നിറഞ്ഞ് കവിയുന്നതാണ് പ്രധാനപ്രശ്നം.
കടപ്പാക്കട ജംഗ്ഷനിൽ ചിന്നക്കട - കുണ്ടറ റോഡിലെ നടപ്പാതയോടുചേർന്നാണ് കംഫർട്ട് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഇതിന്റെ തൊട്ടടുത്താണ് കുണ്ടറ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ്. പിൻഭാഗത്താണ് കടപ്പാക്കട ചന്ത. അസഹ്യമായ ദുർഗന്ധംകാരണം യാത്രക്കാർ മൂക്കുപൊത്തിയാണ് ഇവിടെ ബസ് കാത്തുനിൽക്കുന്നത്. ഇതിനൊപ്പം കടപ്പാക്കട ചന്തയിലെ ദുർഗന്ധം കൂടിയാകുമ്പോൾ ജനങ്ങൾ ആകെ ബുദ്ധിമുട്ടിലാവും.
സെപ്ടിക് ടാങ്കിന് വലിപ്പമില്ല
സെപ്ടിക് ടാങ്കിന് ആവശ്യത്തിന് വലിപ്പമില്ലാത്തതിനാൽ മാലിന്യം വേഗത്തിൽ നിറഞ്ഞ് പുറത്തേക്ക് വ്യാപിക്കുന്ന അവസ്ഥയാണ്. ഇതിന് ശാശ്വതപരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം. ആറുവർഷം മുൻപ് എൻ.ജി.ഒയായ സുലഫിന്റെ നേതൃത്വത്തിലാണ് കംഫർട്ട് സ്റ്റേഷൻ പുനർനിർമ്മിച്ചത്. ഇതിന്റെ പരിപാലനം ഇവർ സ്വകാര്യ വ്യക്തിക്ക് നൽകിയിരിക്കുകയാണ്.
നഗരത്തിലെ ഒരു പ്രധാന ജംഗ്ഷനിൽ ഇത്തരത്തിൽ അസഹ്യമായ ദുർഗന്ധമുണ്ടാകുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കൊപ്പം വലിയ നാണക്കേടുമാണ്. അധികൃതർ ഈ പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണം.
കെ.വി. ജ്യോതിലാൽ, പല്ലവി കടപ്പാക്കട
വ്യവസ്ഥകൾ പ്രകാരം കംഫർട്ട് സ്റ്റേഷൻ പരിപാലിക്കാൻ കരാർ ഏജൻസി തയ്യാറാകണം. ചന്തയിലെ മാലിന്യവും ദുർഗന്ധത്തിന് കാരണമാകുന്നുണ്ട്. ജനങ്ങൾക്ക് വഴിനടക്കാനാവാത്ത അവസ്ഥയാണ്.
അജന്തകുമാർ, ആണിപ്പള്ളിൽ സ്റ്റോഴ്സ്, കടപ്പാക്കട